എഫ്.സി.ഐയിൽ കരാറുകാരനും ലോറിത്തൊഴിലാളികളും തമ്മിൽ തർക്കം; ലോറിത്തൊഴിലാളിയുടെ ആത്മഹത്യശ്രമം
text_fieldsതിക്കോടി എഫ്.സി.ഐക്കുമുന്നിൽ ലോറിയുടെ മുകളിൽ കയറി ആത്മാഹുതിഭീഷണി മുഴക്കുന്ന തൊഴിലാളിയെ നാട്ടുകാരും പൊലീസും അനുനയിപ്പിക്കാൻ ശ്രമിക്കുന്നു
പയ്യോളി: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ തിക്കോടിയിലെ ഗോഡൗണിൽ കരാറുകാരന്റെ ലോറികളും ലോറിത്തൊഴിലാളികളും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ലോറിയുടെ കാബിന് മുകളിൽ പെട്രോളുമായി കയറി സ്ഥിരം ലോഡ് കയറ്റുന്ന ലോറിത്തൊഴിലാളി ആത്മഹത്യശ്രമം നടത്തി.
മൂരാട് സ്വദേശിയായ ലോറി ഡ്രൈവർ അറഫാത്താണ് (35) കരാറുകാരന്റെ ലോറിക്ക് മുകളിൽ കയറി ആത്മഹത്യശ്രമം നടത്തി പ്രതിഷേധിച്ചത്. പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബുവും സംഘവും ലോറിക്കുമുകളിൽ കയറി സാഹസികമായി ഇദ്ദേഹത്തെ കീഴ്പ്പെടുത്തി താഴെയിറക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ പെട്രോൾ മറിഞ്ഞ് സി.ഐയുടെ കണ്ണിലും തലയിലും പടർന്നു.
എഫ്.സി.ഐയിൽനിന്ന് ധാന്യങ്ങൾ കൊണ്ടുപോകാൻ കരാറെടുത്തയാളും സ്ഥിരം ലോറിത്തൊഴിലാളികളും തമ്മിൽ മാസങ്ങളായി തൊഴിൽതർക്കത്തിലാണ്. കരാറുകാരൻ പുറത്തുനിന്ന് ലോറികൾ കൊണ്ടുവന്ന് ലോഡ് കൊണ്ടുപോകുന്നത് ലോറിത്തൊഴിലാളികൾ നിരവധി തവണ തടഞ്ഞിരുന്നു.
ഇതോടനുബന്ധിച്ച് സംയുക്ത ലോറിത്തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച മുതൽ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എഫ്.സി.ഐയുടെ കവാടത്തിൽ ലോറി തടഞ്ഞപ്പോഴാണ് അറഫാത്ത് ലോറിക്കു മുകളിൽ കയറി ആത്മഹത്യശ്രമം നടത്തിയത്. ലോറിത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം പൊലീസ് ലോറികൾ കടത്തിവിട്ടു.