പയ്യോളി: വീട്ടിൽ നിരീക്ഷണത്തിലാക്കിയ കോവിഡ് രോഗി ആശുപത്രിയിൽ മരിച്ച സംഭവത്തിൽ പയ്യോളിയിൽ വ്യാപക പ്രതിഷേധം. ഇരുപത്തിനാലാം ഡിവിഷനിലെ സായ്വിെൻറ കാട്ടിൽ ഗംഗാധരനാണ് (78) ചൊവ്വാഴ്ച രാവിലെ കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെടുന്നത്.
സെപ്റ്റംബർ 24ന് കോവിഡ് പോസിറ്റിവായിട്ടും സ്ഥല പരിമിതികാരണം രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ അഞ്ചാംദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നേരേത്ത കോവിഡ് ചികിത്സ കേന്ദ്രമായി ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിനെ എഫ്.എൽ.ടി.സി കേന്ദ്രമായി സജ്ജമാക്കിയിരുന്നുവെങ്കിലും രോഗികളെ പ്രവേശിപ്പിക്കാത്തത് കഴിഞ്ഞ ദിവസങ്ങളിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനിടയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതിനെ തുടർന്ന് പ്രതിഷേധം അണപൊട്ടി.
രോഗി മരിക്കാനിടയായ സംഭവത്തിൽ വിവിധ സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. യു.ഡി.എഫ്. നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി. മഠത്തിൽ അബ്ദുറഹ്മാൻ, പുത്തുക്കാട് രാമകൃഷ്ണൻ, ഇ.ടി. പത്മനാഭൻ, പി. ബാലകൃഷ്ണൻ, എ.സി. അസീസ് ഹാജി എന്നിവർ നേതൃത്വം നൽകി. യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ െപാലീസുമായി അൽപനേരം ഉന്തും തള്ളുമുണ്ടായി.
ഓഫിസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് നഗരസഭ കവാടത്തിൽവെച്ച് പിന്തിരിപ്പിക്കുകയായിരുന്നു.മാർച്ചിന് യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡൻറ് എസ്.കെ. സമീർ, എ.സി. സുനൈദ്, എ.വി. സക്കരിയ, കെ.സി. സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
നഗരസഭ ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് മണ്ഡലം പ്രസിഡൻറ് ജയ്കിഷ് ഉദ്ഘാടനം ചെയ്തു. വിനായകൻ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ പ്രശാന്തി, അംബിക, ബിന്ദു, സതീശൻ, പ്രദീപൻ, സതീശൻ, ഭരതൻ എന്നിവർ സംസാരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. പയ്യോളി സൗത്ത് കമ്മിറ്റി നിൽപ് സമരം നടത്തി.