പട്ടാപ്പകൽ നടുറോട്ടിൽ കത്തികാട്ടി യുവാവിനെ റാഞ്ചാൻ ശ്രമം; ഏഴു പേർക്കെതിരെ കേസ്
text_fieldsപയ്യോളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിന്റെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യം
പയ്യോളി: ടൗണിൽ പട്ടാപ്പകൽ നടുറോട്ടിൽ കത്തികാട്ടി യുവാവിനെ റാഞ്ചാനുള്ള ശ്രമം നാട്ടുകാരുടെ ചെറുത്തുനിൽപിൽ വിഫലമായി. കൊയിലാണ്ടി ഊരള്ളൂർ സ്വദേശി മേക്കുറികണ്ടി ഷംസാദിനെയാണ് (42) ഏഴുപേരടങ്ങുന്ന അക്രമിസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.
മേയ് 27ന് ടൗണിലെ പയ്യോളി - പേരാമ്പ്ര റോഡിൽ വൈകീട്ട് അഞ്ചോടെയാണ് സിനിമ സ്റ്റൈലിൽ തലശ്ശേരി രജിസ്ട്രേഷൻ നമ്പറിലുള്ള കാറിൽ ഏഴംഗ സംഘമെത്തിയത്. മറ്റൊരു കാറിൽ സഞ്ചരിച്ച ഷംസാദിനെ അക്രമികൾ പിടികൂടി ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഷംസാദ് നിലവിളിച്ച് ശബ്ദമുണ്ടാക്കിയതോടെ സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു . ഇതേത്തുടർന്ന് ശ്രമമുപേക്ഷിച്ച് കടന്നുകളഞ്ഞ അക്രമികൾ അൽപം ദൂരെ മാറി നിർത്തിയിട്ട കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികളായ പയ്യോളി സ്വദേശികളായ മൂന്നുപേരടക്കം ഏഴുപേർക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
പയ്യോളിയിലെ സുഹൃത്തിന് പാസ്പോർട്ട് നൽകാൻ വേണ്ടി എത്തിയതാണെന്നും പാസ്പോർട്ട് തന്നെ ഏൽപിച്ച വ്യക്തിയോട് അക്രമികൾക്കുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും ഷംസാദ് പൊലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നുവെങ്കിലും, ഇക്കാര്യം മുഖവിലക്കെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുപിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ പയ്യോളി സി.ഐ എം. കൃഷ്ണന്റെ നേതൃത്വത്തിൽ പ്രതികൾക്കായി ഊർജിത തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.