പയ്യോളി: 2019-'20 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്മാരക അവാർഡിന് പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചു ലക്ഷം രൂപയും സി.എച്ച്. മുഹമ്മദ് കോയ എവർറോളിങ് ട്രോഫിയും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്കാരം. ഫെബ്രുവരി 15ന് ഉച്ചക്ക് ഒന്നിന് തിരുവനന്തപുരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
ബിജു കളത്തിൽ പ്രസിഡൻറായ 21അംഗ പി.ടി.എക്കാണ് പുരസ്കാരനേട്ടം. വൈസ് പ്രസിഡൻറ് ഇ.ബി. സൂരജ്, പ്രഥമാധ്യാപകൻ കെ.എം. ബിനോയ് കുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ. പ്രദീപ്, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ റോസ എന്നിവരുടെ നേതൃത്വത്തിലെ പി.ടി.എ എക്സിക്യുട്ടിവിെൻറ കൂട്ടായ പ്രവർത്തനമാണ് സ്കൂളിന് അംഗീകാരം നേടിക്കൊടുത്തത്.
സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളെയും അവരുടെ അമ്മമാരെയുംകൊണ്ട് വിമാനത്തിൽ കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് 'ആകാശയാത്ര' നടത്തിയതും കേരള ഗവർണർ, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയ പ്രമുഖരുമായി വിദ്യാർഥികൾക്ക് സംവദിക്കാൻ അവസരമുണ്ടാക്കിയതും മുതൽ മികച്ച പ്രവർത്തനങ്ങളാണ് പി.ടി.എ നടത്തിയത്.
കോവിഡിനെ തുടർന്ന് വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി 70 ടെലിവിഷനുകളും അഞ്ച് മൊബൈൽ ഫോണുകളും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി അർഹരായ വിദ്യാർഥികൾക്ക് നൽകി. വിദ്യാർഥിയായ പ്രണവിെൻറ വീടു നിർമാണം തുടങ്ങി ഒട്ടനവധി സാമൂഹിക ഇടപെടലുകളാണ് മികച്ച പി.ടി.എ ആയി പയ്യോളി ഹയർ സെക്കൻഡറിയെ തെരഞ്ഞെടുക്കുന്നതിൽ നിർണായകമായത്.