പയ്യോളി: ടൗണിലെ ഓട്ടോഡ്രൈവർക്ക് പാർക്കിങ് സ്റ്റാൻഡിൽവെച്ച് ക്രൂരമർദ്ദനം. ഓട്ടോ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി.) പയ്യോളി യൂനിറ്റ് സെക്രട്ടറി പെരുമാൾപുരം തെരുവിൻ താഴെ സോമനാണ് (53) മർദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പയ്യോളി - പേരാമ്പ്ര റോഡിലെ ഓട്ടോ പാർക്കിങ് സ്റ്റാൻഡിൽവെച്ചായിരുന്നു സംഭവം.
കരിങ്കൽ ചീളുകൾ കൊണ്ടുള്ള മർദ്ദനത്തിൽ ഇദ്ദേഹത്തിൻെറ തലക്ക് സാരമായി പരിക്കേറ്റു. ഇതേതുടർന്ന് പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തലക്ക് നാല് തുന്നലുകളുണ്ട്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചതായും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും പയ്യോളി പോലീസ് പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ ടൗണിൽ പണിമുടക്ക് നടത്തി.