ഭാര്യയെയും മക്കളെയും തീകൊളുത്തി വധിക്കാൻ ശ്രമം; ഭർത്താവിനെതിരെ കേസ്
text_fields
പയ്യോളി: ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് തീകൊളുത്തി വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. മണിയൂർ ഗ്രാമപഞ്ചായത്തിലെ ഉല്ലാസ് നഗറിൽ രയരോത്ത് കണ്ടി റാഷിദിനെതിരെ (31) ഭാര്യ നൽകിയ പരാതിയിലാണ് പയ്യോളി പൊലീസ് കേസെടുത്തത്. 308, 341, 498 എ, 406 എന്നീ വകുപ്പുകൾ പ്രകാരം വധശ്രമത്തിനും മാനസിക-ശാരീരിക പീഡനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഒക്ടോബർ എട്ടിന് രാത്രി പത്തോടെയാണ് സംഭവം. ഭാര്യയെയും രണ്ടു മക്കളെയും ഇയാൾ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പന്തികേട് തോന്നിയ ഇവർ മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കവെ അരയിൽ സൂക്ഷിച്ച പെട്രോൾ ഭാര്യയുടെയും മക്കളുടെയും ദേഹത്തേക്ക് ഒഴിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് പ്രതി റാഷിദ് തീ കൊളുത്താനായി ലൈറ്റർ എടുത്തെങ്കിലും ഭാര്യ തട്ടി തെറിപ്പിച്ചതു കാരണം തലനാരിഴക്ക് വൻദുരന്തത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളും നാട്ടുകാരുമാണ് വീടിന് പിറകിൽ ഒളിച്ചിരുന്ന യുവതിയെയും മക്കളെയും രക്ഷപ്പെടുത്തിയത്. യുവതിയും മക്കളും പിന്നീട് വടകര ഗവ. ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ഭാര്യമാതാവിന് സ്വത്തുവകയിൽ ലഭിച്ച പണം സ്ത്രീധന തുകയിൽ ആവശ്യപ്പെട്ടായിരുന്നു പ്രതി റാഷിദിന്റെ ആക്രമണമെന്നും ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.