എ.ടി.എമ്മിൽ കയറിയ അഭിജിത്ത് ഞെട്ടി; കാർഡ് ഇടാതെ തന്നെ പണം വന്നു കിടക്കുന്നു
text_fieldsപയ്യോളിയിലെ എ.ടി.എം കൗണ്ടറിൽനിന്നും കളഞ്ഞുകിട്ടിയ തുക അഭിജിത്ത് പയ്യോളി എസ്.ഐ സുരേഷിന് കൈമാറുന്നു
പയ്യോളി: പണമെടുക്കാൻ എ.ടി.എം കൗണ്ടറിൽ കയറിയതായിരുന്നു പയ്യോളി ബീച്ചിലെ കൊല്ലാണ്ടി അഭിജിത്ത്. എന്നാൽ, മെഷീനിലെ കാഴ്ച കണ്ട് ഈ യുവാവ് ഞെട്ടി. കാർഡ് ഇടാതെ തന്നെ, പണം പുറത്ത് വരുന്ന ഭാഗത്ത് നോട്ടുകൾ വന്നുകിടക്കുന്നു. എടുത്തു നോക്കിയപ്പോൾ 9,000 രൂപ.
പയ്യോളി ബസ് സ്റ്റാൻഡിന് സമീപത്തെ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എ.ടി.എം കൗണ്ടറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി എട്ടരയോടെ സുഹൃത്ത് ശരത്തിനോടപ്പമാണ് അഭിജിത്ത് പണമെടുക്കാൻ എത്തിയത്. പണം ശ്രദ്ധയിൽപെട്ട ഉടൻ ബാങ്കധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് തുക പയ്യോളി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. എസ്.ഐ സുരേഷ് ഏറ്റുവാങ്ങി. തൊട്ടുമുമ്പ് വന്ന ആളുടേതാകാം പണം എന്നാണ് സംശയിക്കുന്നത്.
അഭിജിത്തിന്‍റെ സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചു. എന്നാൽ പണത്തിൻ്റെ ഉടമയെ കണ്ടെത്തിയിട്ടില്ല.