മുക്കുപണ്ടം പണയംവെച്ച് മൂന്നരലക്ഷം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
text_fieldsനിസാർ
കോഴിക്കോട്: സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് മൂന്നരലക്ഷം രൂപയോളം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം വാഴക്കാട് സ്വദേശി ആക്കോട് ചെറുതൊടിക സി. നിസാറിനെയാണ് (40) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് ഒമ്പത്, 14 തീയതികളിലായി ഇയാൾ കോഴിക്കോട് പാളയത്തെ ചെമ്മന്നൂർ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിൽ 12 വളകൾ സ്വർണമാണെന്ന് പറഞ്ഞ് പണയംവെച്ച് 3,43,700 രൂപ വായ്പയായി വാങ്ങുകയായിരുന്നു.
പിന്നീട് മാർച്ച് 19ന് വീണ്ടും അഞ്ച് വ്യാജ സ്വർണ വളകളുമായി എത്തുകയായിരുന്നു. പരിശോധനക്കിടെ സ്വർണമല്ലെന്ന് കണ്ടെത്തിയതോടെ സ്ഥാപന അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ സിയാദ്, ഷബീർ, എ.എസ്.ഐ സജീവൻ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

