ആ കോടികൾ പാഴാകില്ല; ജെൻഡർ പാർക്ക് പുനരുജ്ജീവിപ്പിക്കാൻ വഴിതുറക്കുന്നു
text_fieldsകോഴിക്കോട്: വെള്ളിമാടുകുന്നിലെ നിർജീവമായി കിടക്കുന്ന ജെൻഡർ പാർക്ക് പുനരുജ്ജീവിപ്പിക്കാൻ വഴിതുറക്കുന്നു. ഫണ്ടിന്റെ കുറവും സ്ഥിരം ജീവനക്കാരും മേൽനോട്ടം വഹിക്കാൻ ഉന്നതതലത്തിൽ ആളില്ലാത്തതുമാണ് സ്വപ്ന പദ്ധതിയായ കെട്ടിടത്തെ ആളനക്കമില്ലാത്തതാക്കി മാറ്റിയത്. മുമ്പ് ജെൻഡർ പാർക്കിന് മുഴുവൻ സമയ ഡയറക്ടർ ഉണ്ടായിരുന്നു. പിന്നീട് ഇതിന്റെ ചുമതല തിരുവനന്തപുരത്തെ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നൽകിയതോടെ കൃത്യമായ മേൽനോട്ടം വഹിക്കാൻ ആളില്ലാതായി. തുടക്കത്തിൽ വലിയ രീതിയിൽ വിഭാവനം ചെയ്ത അന്താരാഷ്ട്ര വനിത ട്രേഡ് സെന്റർ, വിപുലമായ ഗവേഷണ കേന്ദ്രം, ഐക്യരാഷ്ട്ര സഭയുടെ (യു.എൻ വിമൻ) സഹകരണത്തോടെയുള്ള പദ്ധതികൾ എന്നിവയൊന്നും ഉദ്ദേശിച്ച രീതിയിൽ മുന്നോട്ട് പോയതുമില്ല. കോടികൾ മുടക്കി നിർമിച്ച ലോക ശ്രദ്ധയാകർഷിക്കേണ്ടിയിരുന്ന കെട്ടിടം പാഴായിപ്പോകുന്നതിന്റെ ആശങ്ക പങ്കുവെച്ച് കഴിഞ്ഞദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. അതിനു പിന്നാലെ ജെൻഡർ പാർക്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള നിർദേശങ്ങൾ പങ്കുവെക്കുകയാണ് മുൻ മന്ത്രി എം.കെ. മുനീറും അഡ്വ. കെ. ജയന്ത് എം.എൽ.എയും അന്വേഷിയുടെ കെ. അജിതയും.
കാഴ്ചപ്പാടുള്ള ഉദ്യോഗസ്ഥക്ക് പാർക്കിന്റെ ചുമതല നൽകണം -കെ. അജിത
യഥാർഥത്തിൽ മുൻ ധനകാര്യമന്ത്രി തോമസ് ഐസകിന്റെ ആശയമായിരുന്നു സ്ത്രീകൾക്ക് ഒന്നിച്ചിരിക്കാനുള്ള ഒരിടം എന്നത്. തുടർന്നുവന്ന യു.ഡി.എഫ് സർക്കാർ അത് ഏറ്റെടുത്തുവെങ്കിലും ശിലാസ്ഥാപനത്തിൽ കവിഞ്ഞ് മറ്റൊരു പുരോഗതിയും ഉണ്ടായില്ല. എൽ.ഡി.എഫ് സർക്കാറിന്റെ 10 വർഷത്തെ ഭരണത്തിൽ ജെൻഡർ പാർക്കിന് വേണ്ടരീതിയിൽ പരിഗണന ലഭിക്കുകയും ചെയ്തില്ല. വർക്ഷോപ്പുകൾ അടക്കം ഇവിടെ പരിപാടികൾ നടന്നിട്ടുണ്ട് എന്നത് മറക്കുന്നില്ല. സ്ത്രീ സംഘടനകളും ഇവിടേക്ക് എത്തിയിട്ടുണ്ട്. എന്നാൽ, എണ്ണം വളരെ കുറവാണ്. കേരളത്തിലുടനീളമുള്ള സ്ത്രീ സംഘടനകൾ അതിന്റെ ദൈനംദിന നടത്തിപ്പിൽ പങ്കാളികളായാൽ മാത്രമേ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് പാർക്കിന് മോചനം ലഭിക്കുകയുള്ളൂ. വലിയ വാടകയാണ് കൺവെൻഷൻ സെന്ററിന് ഈടാക്കുന്നത്. കോടികൾ മുതൽമുടക്കുള്ള സ്ഥലത്ത് ചിലപ്പോൾ വലിയ വാടക ഈടാക്കേണ്ടി വരും എന്നത് അംഗീകരിക്കാം. എന്നാൽ, സാധാരണക്കാർക്ക് ആ വാടക താങ്ങാൻ പറ്റില്ല. സ്ത്രീകൾക്ക് കൺവെൻഷൻ സെന്ററിൽ പരിപാടികൾ അവതരിപ്പിക്കാൻ സർക്കാർ സബ്സിഡി നൽകണം. ചിലപ്പോൾ സൗജന്യമായി സെന്റർ കൊടുക്കേണ്ടി വരും. അതൊക്കെ ആസൂത്രണം ചെയ്യാൻ ഒരാളുണ്ടാകണം.
ജെൻഡർ പാർക്കിന് തുടക്കത്തിൽ ഒരു സി.ഇ.ഒ ഉണ്ടായിരുന്നു. പിന്നീടത് ഇല്ലാതായി. വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടർക്കാണ് ഇപ്പോൾ ചുമതല. തിരുവനന്തപുരത്തിരുന്ന് ആ ഡയറക്ടർക്ക് പാർക്കിന്റെ ദൈനംദിന നടത്തിപ്പിൽ ഇടപെടാൻ പറ്റില്ല. അതിനാൽ ഐ.എ.എസ് തലത്തിലുള്ള ഉദ്യോഗസ്ഥയെ പാർക്കിന്റെ ചുമതലകൾ ഏൽപിക്കണം. അവർക്ക് മറ്റ് ചുമതലകൾ നൽകാനും പാടില്ല. അരുന്ധതി റോയി, കെ.ആർ. മീര, വനിത സംരംഭകർ എന്നിവരെയെല്ലാം ഇവിടേക്ക് കൊണ്ടുവരണം.
കേരളത്തിലെ സ്ത്രീ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പാർക്കിന് ഉപദേശക കമ്മിറ്റിയുണ്ടാക്കണം. ഓരോ മാസവും ഈ കമ്മിറ്റി യോഗം ചേർന്ന് പുരോഗതി വിലയിരുത്തണം. അങ്ങനെ വരുമ്പോൾ മാത്രമേ പാർക്കിൽ പരിപാടികൾ നടത്താൻ ആളുകൾ മുന്നോട്ടുവരികയുള്ളൂ. ഇവിടെ എന്തൊക്കെ നടക്കുന്നുണ്ടെന്ന് ചുമതലയുള്ള മന്ത്രിക്കും ധാരണ വേണം. നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തിയാൽ പാർക്കിന് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി ലഭിക്കും. ഈ പാർക്ക് ഇല്ലാതായിപ്പോകാൻ പാടില്ല.
പാർക്ക് പാഴായിപ്പോകാൻ അനുവദിക്കില്ല -അഡ്വ. കെ. ജയന്ത് എം.എൽ.എ
പാർക്ക് ജീവൻ വെപ്പിക്കാനുള്ള ശ്രമത്തിലാണ്. മന്ത്രി ബിന്ദു കൃഷ്ണയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അവർ പഠിച്ചുവരുന്നതേയുള്ളൂ. പാർക്കിനെ നവീന രീതിയിൽ കാര്യങ്ങൾ ചെയ്യാൻ ശേഷിയുള്ള സി.ഇ.ഒ പോലെ ഒരാളെ ചുമതലപ്പെടുത്തണം. ഇപ്പോൾ പാർക്കിൽ മുഴുവൻ സമയ ഡയറക്ടർ ഇല്ല. വിരമിച്ച ഉദ്യോഗസ്ഥരെയാണ് കാര്യങ്ങൾ ഏൽപിക്കുന്നത്. നഗരത്തിന്റെ കണ്ണായ സ്ഥലത്ത് നിർമിച്ച പാർക്ക് ഇപ്പോൾ പരിപാടികളൊന്നും നടക്കാതെ നിർജീവമായി കിടക്കുകയാണ്. സർക്കാറിന് ഇതുമായി ബന്ധപ്പെട്ട് പല പദ്ധതികളും എം.എൽ.എ എന്ന നിലയിൽ സമർപ്പിച്ചിട്ടുണ്ട്. നഗരത്തിന്റെ കണ്ണായ ഇടത്തുള്ള ആ സ്ഥലം പാഴാകാൻ അനുവദിക്കില്ല. തൊഴിലധിഷ്ഠിത കോഴ്സുകളുടെ പരിശീലനം ഉൾപടെ സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ അവിടെ ചെയ്യാൻ കഴിയും. വനിത ശാക്തീകരണത്തിന്റെ കേന്ദ്രമായി ജെൻഡർ പാർക്കിനെ മാറ്റണം. ഏറ്റവും മിടുക്കിയായ ഒരു സി.ഇ.ഒയെ കൊണ്ടുവരണമെന്ന നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.
ജെൻഡർ പാർക്കിനെ മാറ്റിയെടുക്കണം -എം.കെ. മുനീർ
യു.ഡി.എഫ് സർക്കാറിന്റെ സ്വപ്ന പദ്ധതിയായിരുന്നു ജെൻഡർ പാർക്ക്. ഇന്നത്തെ രീതിയിലുള്ള കൺവെൻഷൻ സെന്ററായിരുന്നില്ല തുടക്കത്തിൽ വിഭാവനം ചെയ്തിരുന്നത്. സ്ത്രീകൾക്ക് ഡ്രാമ ഫെസ്റ്റ് ഒക്കെ സംഘടിപ്പിക്കാനുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള തിയറ്റർ പോലെ ഒന്നായിരുന്നു ആലോചിച്ചിരുന്നത്. പിന്നീടത് കൺവെൻഷൻ സെന്ററാക്കി മാറ്റുകയായിരുന്നു. അന്ന് വിഭാവനം ചെയ്തപോലെ ജെൻഡർ പാർക്കിനെ മാറ്റിയെടുക്കണമെന്ന് വനിത ശിശു ക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ ആഗ്രഹിക്കുന്നുണ്ട്. അതെകുറിച്ച് മന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ജെൻഡർ പാർക്കിന്റെ അന്നത്തെ സി.ഇ.ഒ സുനീഷ് ഇപ്പോൾ വനിത വികസന വകുപ്പിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ജെൻഡർ പാർക്ക് പൂർണ അർഥത്തിൽ സജീവമാകാൻ മുഖ്യമന്ത്രിയുടെയും പിന്തുണ വേണം. സാമൂഹിക ക്ഷേമവും വനിത വികസനവും രണ്ട് വകുപ്പുകളാണിപ്പോൾ. രണ്ടു മന്ത്രിമാരുടെയും ഏകോപനം വേണം. ഏഷ്യയിൽ തന്നെ ആദ്യമായിരുന്നു ഇങ്ങനെയൊരു പാർക്ക്.
പിന്നീട് വന്ന സർക്കാർ ജെൻഡർ പാർക്കിന്റെ അർഥം എന്താണെന്നുപോലും അറിയാതെയാണ് പെരുമാറിയത്. ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാൻ സാധിക്കുമായിരുന്നു. ഗേൾസ് ഹോമിലെ പെൺകുട്ടികളുടെ വിവാഹം സൗജന്യമായി ഇവിടെ വെച്ച് നടത്താൻ പറ്റുമായിരുന്നു. പ്രായമായ ആളുകൾക്ക് സൗജന്യമായി നടക്കാനുള്ള സൗകര്യങ്ങളൊക്കെ ഒരുക്കാമായിരുന്നു. ഒന്നും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

