പത്തരമാറ്റാണ് അനീസ്; ആക്രിയായി ലഭിച്ച സ്വർണാഭരണപ്പെട്ടി തിരിക്കെ നൽകി
text_fieldsഅനീസ് സ്വർണം തിരികെ നൽകിയപ്പോൾ
കോഴിക്കോട്: സ്വർണമുണ്ടെന്നറിയാതെ അമ്മയുടെ പഴയ പെട്ടി മകൾ ആക്രിയായി വിൽക്കുകയും മലപ്പുറം സ്വദേശിയുടെ സത്യസന്ധതയിൽ ആഭരണങ്ങൾ തിരികെ ലഭിക്കുകയും ചെയ്തു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിനി രേവ സൂക്ഷിച്ച സ്വർണമാണ് മലപ്പുറം മേൽമുറി യു.കെ. അനീസിന്‍റെ സത്യസന്ധതയിൽ തിരികെ ലഭിച്ചത്.
ജൂലൈ 25നാണ് ആക്രി ശേഖരിക്കാനായി അനീസ് വെസ്റ്റ് ഹിൽ ചുങ്കത്തെ വീട്ടിൽ എത്തിയത്. വിദേശത്തുനിന്നെത്തിയ മകൾ രാധിക മാത്രമായിരുന്നു വീട്ടിൽ. മോഷ്ടിക്കപ്പെടാതിരിക്കാൻ പഴയ പെട്ടിയിലായിരുന്നു രേവ സ്വർണം സൂക്ഷിച്ചിരുന്നത്. ഇതറിയാതെ പഴയ പെട്ടി മകൾ ആക്രി സാധനങ്ങൾക്കൊപ്പം നൽകി.
പിന്നീട് ദിവസങ്ങൾക്കുശേഷം പെട്ടി തിരഞ്ഞപ്പോഴാണ് ആക്രി സാധനങ്ങൾക്കൊപ്പം മകൾ വിറ്റുവെന്ന് മനസ്സിലായത്. നടക്കാവ് പൊലീസിലെത്തി പരാതി നൽകി. അനീസ് നൽകിയിരുന്ന വിസിറ്റിങ് കാർഡിലെ നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു. ആക്രി വേർതിരിക്കുന്നതിനിടെ പെട്ടിയിൽനിന്ന് ലഭിച്ച ആഭരണങ്ങൾ മുക്കുപണ്ടമാണെന്നാണ് അനീസ് ആദ്യം കരുതിയത്. പിന്നീട് ഭാര്യയെ കാണിച്ചപ്പോൾ യഥാർഥ സ്വർണമാണെന്ന് തിരിച്ചറിഞ്ഞു.
ഏത് വീട്ടിൽനിന്ന് ലഭിച്ചതാണെന്ന് ഉറപ്പില്ലാത്തതിനാൽ തന്‍റെ വിസിറ്റിങ് കാർഡ് വഴി ആരെങ്കിലും ബന്ധപ്പെടുമെന്ന് പ്രതീക്ഷിച്ച് അനീസ് സ്വർണം വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. നടക്കാവ് എസ്.ഐ. ധനേഷ് കുമാർ, എസ്.സി.പി.ഒ. കെ. രഞ്ജിത്ത് എന്നിവർ മലപ്പുറത്തെ വീട്ടിലെത്തി ആഭരണങ്ങൾ ഉടമസ്ഥർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

