ഡോക്ടർമാർ പ്രതിഷേധത്തെരുവിൽ; രോഗികൾ പെരുവഴിയിൽ
text_fieldsകോഴിക്കോട്: താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഗവ. ഡോക്ടർമാർ പണിമുടക്കിയതിനെ തുടർന്ന് ജില്ലയിൽ സർക്കാർ ആർശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവർത്തിച്ചില്ല. ബീച്ച് ജനറൽ ആശുപത്രിയിലും കോട്ടപ്പറമ്പ് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലും നൂറുകണക്കിന് രോഗികൾ ഒ.പിയിൽ ചികിത്സതേടിയെത്തിയെങ്കിലും സമരം കാരണം തിരിച്ചുപോയി. താലൂക്ക് ആശുപത്രികളെയും കമ്യൂണിറ്റി, പ്രൈമറി ഹെൽത്ത് സെന്ററുകളെയും സമരം ബാധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കെ.ജി.എം.ഒയുടെയും ഐ.എം.എയുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നു.
കോഴിക്കോട് മിഠായിത്തെരുവിലെ എസ്.കെ പ്രതിമക്കു സമീപംനടന്ന പ്രതിഷേധ സംഗമത്തിൽ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുതുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നതിനെതിരെ കടുത്ത വിമർശനമുയർന്നു. ഡോക്ടർ-രോഗി അനുപാതത്തിലെ അസന്തുലിതാവസ്ഥ മൂലം പൊതുജനങ്ങൾക്കും ഡോക്ടർമാർക്കും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക, ആശുപത്രികളിൽ പൊലീസ് ഔട്ട്പോസ്റ്റ്, ആശുപത്രികളെ ‘സേഫ് സോൺ’ ആയി പ്രഖ്യാപിക്കാൻ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധസംഗമം ആവശ്യപ്പെട്ടു. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് ശേഷം സംഘടന ഉന്നയിച്ച ആവശ്യങ്ങളും ഗവൺമെന്റ് നടപ്പിലാക്കുമെന്ന് പറഞ്ഞ സുരക്ഷ സംവിധാനങ്ങളും ജലരേഖകളായ മാറിയ സാഹചര്യത്തിൽ ആശുപത്രി സുരക്ഷ ഉറപ്പാകും വരെ പ്രതിഷേധം തുടരുമെന്ന് കെ.ജി.എം ഒ.എ പ്രഖ്യാപിച്ചു.
അടിയന്തിരമായി സുരക്ഷാസംവിധാനങ്ങൾ തുടങ്ങുന്നത് വരെയും ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നത് വരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുള്ള അത്യാഹിത വിഭാഗം ഉൾപ്പെടെ പ്രവർത്തിക്കില്ലെന്ന് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്ത് കെ.ജി.എം.ഒ.എ മുൻസംസ്ഥാന പ്രസിഡന്റ് ഡോ. ടി.എൻ. സുരേഷ് പറഞ്ഞു. കെ.ജി.എം.ഒ.എ ജില്ല പ്രസിഡന്റ് ഡോ. ലിസി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡോ. അഫ്സൽ, ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. സന്ധ്യ കുറുപ്പ്, ഐ.എം.എ സംസ്ഥാന ട്രഷറർ ഡോ. റോയ് , സംസ്ഥാന സമിതി അംഗങ്ങളായ ഡോ. മുരളീധരൻ, ഡോ. ജമീൽ ഷജീർ താമരശ്ശേരി താലൂക്ക് കൺവീനർ ഡോ. കിരൺമനു, കേരള ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന സമിതി അംഗം അരുൺ കുമാർ, കെ.ജി.എം.ഒ.എ ട്രഷറർ ഡോ. അശ്വതി എന്നിവർ സംസാരിച്ചു. ബുധനാഴ്ചയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. സർജൻ ഡോ. ടി.പി.വിപിന് വടിവാൾകൊണ്ട് വെട്ടേറ്റത്. ആഗസ്റ്റ്14ന് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ പിതാവ് കോരങ്ങാട് ആനപ്പാറപ്പൊയിൽ സനൂപാണ് ഡോ. വിപിനെ വെട്ടിയത്.
വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന ഡോ. വിപിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ. ലിസി ‘മാധ്യമ’ ത്തോടു പറഞ്ഞു. തലക്ക് ആഴത്തിൽ വെട്ടേറ്റ സനൂപിന് ബുധനാഴ്ച അർധരാത്രിയോടെ ശസ്ത്രക്രിയ നടന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിൽസ. ഇന്ന് മുതൽ സർക്കാർ ആശുപത്രികളിലെ ഒ.പികൾ പതിവുപോലെ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

