ക്ഷമ പരീക്ഷിച്ച് കോഴിക്കോട് മെഡി. കോളജിലെ സി.ടി സ്കാനിങ് വിഭാഗം
text_fieldsകോഴിക്കോട്: മെഡി. കോളജിൽ സി.ടി സ്കാനിങ് വിഭാഗത്തിൽ രോഗികളുടെ അനിശ്ചിതമായ കാത്തിരിപ്പ്. അടിയന്തര പരിശോധനകൾ വേണ്ട രോഗികൾക്കുപോലും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥ തുടരുകയാണ്. കഴിഞ്ഞദിവസം സ്കാനിങ് ലാബിൽ രോഗി മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ബഹളം വെച്ചു. അടിയന്തരമായി സ്കാനിങ് നടത്തണമെന്ന് ഡോക്ടർ നിർദേശിച്ചിട്ടും രോഗിയെ സ്കാനിങ്ങിന് വിധേയയാക്കാൻ സ്കാനിങ് വിഭാഗം അലംഭാവം കാണിച്ചുവെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
രോഗിയുടെ മകൻ ബഹളം വെച്ചപ്പോൾ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. മൂന്നുമണിക്കൂർ വരെയാണ് പരിശോധന ഫലത്തിനായി കാത്തിരിക്കേണ്ടിവരുന്നത് എന്ന് രോഗികൾ പറഞ്ഞു. പുറത്തെ ലാബിൽ പോയാൽ ഇതേ സ്കാനിങ് റിസൽട്ട് വേഗത്തിൽ ലഭ്യമാവും. എന്തുകൊണ്ടാണ് മെഡി. കോളജിൽ ഇത്ര വൈകുന്നത് എന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല.
ലാബിൽ ഡോക്ടർമാർ ഉണ്ടാവുന്നില്ല എന്നാണ് പരാതി. റിസൽട്ട് പരിശോധിക്കാൻ ഡ്യൂട്ടി എം.ഒ പലപ്പോഴും സീറ്റിലുണ്ടാവില്ല. ഒന്നാം വർഷ പി.ജിക്കാരാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക. ഇവർക്ക് സംശയദൂരീകരണം നടത്താൻ ഡ്യൂട്ടി എം.ഒ വേണം. അദ്ദേഹത്തെ കണ്ടുകിട്ടാൻ വൈകുന്നതിനനുസരിച്ച് രോഗികളുടെ കാത്തിരിപ്പും നീളും.
ഇത് വലിയ മനുഷ്യാവകാശ പ്രശ്നമായി മാറിയിരിക്കയാണ് മെഡി. കോളജിൽ. പുറത്തെ ലാബുകളിൽ പോയി സ്കാനിങ് നടത്താൻ ഗതിയില്ലാത്തവരാണ് ഇവിടെ കാത്തുനിൽക്കുന്നത്. രോഗികളുടെ ബന്ധുക്കളോട് സ്കാനിങ് വിഭാഗത്തിലെ ആളുകൾ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. അത്യാഹിതം സംഭവിച്ചെത്തുന്ന രോഗികൾക്കുപോലും അടിയന്തര പരിഗണന ലഭിക്കുന്നില്ല. പരാതി സംബന്ധിച്ച് മെഡി. കോളജ് അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

