പതിമംഗലം വാഹനാപകടം; നാട് ഞെട്ടിയുണർന്നത് ദുരന്തവാർത്ത കേട്ട്
text_fieldsപതിമംഗലത്ത് അപകടത്തിൽപ്പെട്ട കാറും പിക്അപ് വാനും
കുന്ദമംഗലം: ദേശീയപാതയിൽ പതിമംഗലത്തുണ്ടായ അപകടത്തിൽ മൂന്നുപേരുടെ ദാരുണാന്ത്യ വാർത്ത കേട്ടാണ് നാടുണർന്നത്. തിങ്കളാഴ്ച പുലർച്ച രണ്ടോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ കൊടുവള്ളി ഭാഗത്തുനിന്ന് കുന്ദമംഗലം ഭാഗത്തേക്ക് വരുകയായിരുന്ന പിക്അപ് വാനും എതിർദിശയിൽനിന്നു വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു. ഇതോടെ യാത്രക്കാർ ഇരു വാഹനങ്ങളിലും കുടുങ്ങിപ്പോയി.
അപകട സമയത്ത് ഇതുവഴി വന്ന മറ്റ് വാഹന യാത്രക്കാരും പരിസരവാസികളും ചേർന്ന് പരിക്കേറ്റവരെ വാഹനങ്ങളിൽനിന്ന് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വെള്ളിമാട്കുന്ന് അഗ്നിരക്ഷ നിലയത്തിൽനിന്ന് എത്തിയ ഫയർ യൂനിറ്റ് അംഗങ്ങൾ ഹൈഡ്രോളിക് കട്ടർ, ഹൈഡ്രോളിക് സ്പ്രഡർ, ഹൈഡ്രോളിക് കോമ്പി ടൂൾ എന്നിവ ഉപയോഗിച്ച് കാറിന്റെയും പിക്അപ് വാനിന്റെയും മുൻവശം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിപ്പോയ മുഴുവൻ പേരെയും പുറത്തെത്തിച്ചത്. പരിക്കേറ്റവരെ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മൂന്നുപേരുടെ മരണം സംഭവിച്ചിരുന്നു. വെള്ളിമാട്കുന്ന് ഫയർസ്റ്റേഷനിലെ അസി. ഓഫിസർ അബ്ദുൽ ഫൈസി, സീനിയർ ഫയർ ഓഫിസർ എൻ. ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി.
സ്ഥിരം അപകടമേഖലയായ ഇവിടെ ഇതടക്കം ഏതാനും വർഷങ്ങൾക്കിടയിൽ പത്തോളം മരണങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് നാട്ടുകാർ പറഞ്ഞു. ദേശീയപാതയിൽ കൊടുവള്ളി ഭാഗത്തേക്ക് പോകുമ്പോൾ മുറിയനാൽ കഴിഞ്ഞ് റോഡിൽ ഒരു കയറ്റം കഴിഞ്ഞാണ് പതിമംഗലത്തേക്ക് എത്തുന്നത്. ഇവിടെ സ്ഥിരം അപകട മേഖലയാണ്. അവിടെയാണ് മൂന്നുപേരുടെ മരണം സംഭവിച്ച അപകടം നടന്നത്. ദേശീയപാതയിൽ പ്രദേശത്തെ റോഡിന്റെ കയറ്റം കുറച്ച് എതിർഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാണാനുള്ള കാഴ്ചയുണ്ടാക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഇവിടെ കയറ്റം ഇറങ്ങി കുന്ദമംഗലം ഭാഗത്തേക്ക് വരുന്ന റോഡിന്റെ ഇരു ഭാഗത്തും സ്കൂളും മസ്ജിദും തുടങ്ങി നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളുമുണ്ട്. തിരക്കേറിയ സ്ഥലത്തെ അപകട പശ്ചാത്തലത്തിൽ റോഡിന്റെ കയറ്റം കുറക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

