നാലാം ഗേറ്റിന് സമീപത്തെ പാർക്കിങ് ഗതാഗതക്കുരുക്കുണ്ടാക്കുന്നു
text_fieldsഅരവിന്ദ് ഘോഷ് റോഡിൽ ‘നോ പാർക്കിങ്’ ബോർഡ് വെച്ചിടത്ത് പാർക്ക് ചെയ്ത വാഹനങ്ങൾ
കോഴിക്കോട്: നാലാം ഗേറ്റിനു സമീപം റോഡിലെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കുണ്ടാക്കുന്നു. അരവിന്ദ് ഘോഷ് റോഡിൽ റെയിലിനോട് ചേർന്നുള്ള ഭാഗത്താണ് പകൽ മുഴുവൻ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ടൂറിസ്റ്റ് ബസുകളുൾപ്പെടെ നിരന്തരം ഇവിടെ പാർക്ക് ചെയ്യുന്നത് പതിവാണെന്നാണ് സമീപത്തെ വ്യാപാരികളുൾപ്പെടെയുള്ളവർ പറയുന്നത്.
നിരനിരയായി കാറുകളുൾപ്പെടെ പാർക്ക് ചെയ്യുന്നത് കാരണം ട്രെയിൻ കടന്നുപോകാൻ ഗേറ്റ് അടച്ചിടുന്ന സമയങ്ങളിലാണ് റോഡിലാകെ ഗതാഗത തടസ്സമുണ്ടാകുന്നത്. പൊലീസ് സാന്നിധ്യം ഇവിടെയില്ലാത്തതും ദുരിതമാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന റോഡിൽ ഗതാഗതം തടസ്സപ്പെടുന്നതോടെ മറ്റു റോഡുകളിലും കുരുക്കുണ്ടാവുകയാണ്.
നാലാം ഗേറ്റിനു സമീപത്തെ പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്ന് വിവിധ കോണുകളിൽ നിന്ന് പരാതി ഉയർന്നതോടെ പാർക്കിങ് പാടില്ലെന്നും മാലിന്യം നിക്ഷേപിക്കരുതെന്നും കാട്ടി കോർപറേഷൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ, ബോർഡിനടുത്തുപോലും വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. മറ്റു ഭാഗങ്ങളിലെ സ്ഥാപനങ്ങളിലേക്ക് പോകുന്നവരടക്കമുള്ളവരാണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതെന്നാണ് പരാതി.

