Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരപ്പൻപൊയിൽ-പുന്നശ്ശേരി റോഡ് നിർമാണം പ്രതിസന്ധിയിൽ

text_fields
bookmark_border
മഴയെത്തിയതോടെ പാത ചളിക്കുളമായി
പരപ്പൻപൊയിൽ-പുന്നശ്ശേരി റോഡ് നിർമാണം പ്രതിസന്ധിയിൽ
cancel
camera_alt

മഴ പെയ്തതോടെ ചെളിക്കുളമായി മാറിയ പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡ് 

എളേറ്റിൽ: റോഡ് നവീകരണ പ്രവൃത്തികൾ അനിശ്ചിതമായി നീളുന്ന പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡിൽ ജനങ്ങളുടെ യാത്രാദുരിതം വർധിക്കുന്നു. കാലവർഷം ആരംഭിച്ചതോടെ റോഡിൽ പലയിടത്തും ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. നിർമാണത്തിന്റെ ഭാഗമായി നിർമിച്ച സുരക്ഷാ ഭിത്തികൾക്കിടയിലൂടെ വെള്ളവും ചളിയും സമീപത്തെ വീടുകളുടെ മുറ്റത്തേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും ഒലിച്ചിറങ്ങുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രണ്ട് റീച്ചുകളിലായി നടക്കുന്ന റോഡ് നിർമാണം നിലവിൽ എങ്ങുമെത്താത്ത സ്ഥിതിയിലാണ്. റോഡ് വീതികൂട്ടാനായി യാതൊരു പ്രതിഫലവും വാങ്ങാതെ നാട്ടുകാർ സ്ഥലം വിട്ടുനൽകിയിരുന്നു. എന്നാൽ, ഇവരുടെ വീടുകളുടെ സംരക്ഷണഭിത്തി നിർമാണമോ ഓവുചാൽ സ്ഥാപിക്കുന്ന ജോലികളോ പൂർത്തിയാക്കാൻ അധികൃതർ തയാറായിട്ടില്ല.

ഓടകളുടെ നിർമാണം അപൂർണമായി കിടക്കുന്നതിനാൽ മഴവെള്ളം പൂർണമായും റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. നവീകരണത്തിനായി വെട്ടിപ്പൊളിച്ച കുഴികളിൽ വെള്ളം നിറഞ്ഞതോടെ റോഡും കുഴിയും തിരിച്ചറിയാത്ത അവസ്ഥയാണിപ്പോൾ. വേനൽക്കാലത്ത് കടുത്ത പൊടിശല്യം കാരണം ജനങ്ങൾ ബുദ്ധിമുട്ടിയിരുന്നെങ്കിൽ ഇപ്പോൾ കാൽനടയാത്രക്കാർക്ക് പോലും സാധ്യമല്ലാത്ത വിധം റോഡ് ചളിക്കുളമായി മാറി. ചളിയിൽ തെന്നിവീണും വെള്ളക്കെട്ടിലെ കുഴികളിൽ ചാടിയും ദിവസേന നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്.

കൂടാതെ, കുണ്ടുങ്ങരപ്പാറയിൽ കഴിഞ്ഞ മഴക്കാലത്ത് തകർന്ന റോഡിന്റെ സംരക്ഷണഭിത്തി ഇതുവരെയും പുനർനിർമിച്ചിട്ടില്ല. ഇവിടെ കാട് മൂടിക്കിടക്കുന്നതിനാലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതിനാലും രാത്രികാലങ്ങളിൽ എത്തുന്ന ഡ്രൈവർമാർക്ക് അപകടഭീഷണി തിരിച്ചറിയാൻ സാധിക്കുന്നില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ താൽക്കാലികമായി കുഴികൾ അടക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും നടപടി സ്വീകരിക്കുമെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ടെങ്കിലും നടപടി ആരംഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുന്ന സ്ഥിതിയാണുള്ളത്. അടിയന്തരമായി ഇടപെട്ട് യാത്രാക്ലേശത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Parappanpoyil-Punnakassery road construction faces crisis
Next Story