പറമ്പിൽബസാറിലെ തുണിക്കടക്ക് തീയിട്ട സംഭവം: ഒരാൾ റിമാൻഡിൽ
text_fieldsനൗഷാദ് , ഒളിവിലുള്ള പ്രതി റഫീക്ക്
പറമ്പിൽ ബസാർ: മമ്മാസ് ആൻഡ് പപ്പാസ് തുണിക്കട തീയിട്ടുനശിപ്പിച്ച കേസിൽ ഒരാൾ റിമാൻഡിൽ. ഉദ്ഘാടനം കഴിഞ്ഞ മൂന്നാംനാൾ കട തീയിട്ട് നശിപ്പിച്ച് ഒന്നരകോടിയിലേറെ രൂപയുടെ നഷ്ടം വരുത്തിയ കേസിൽ താമരശ്ശേരി പണ്ടാരക്കണ്ടിയിൽ നൗഷാദിനെയാണ് ചേവായൂർ പൊലീസ് ഇൻസ്പെക്ടർ സി. വിജയകുമാരനും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ഏപ്രിൽ എട്ടിന് പുലർച്ച 1.40നാണ് സംഭവം. ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കവേ കേസിെൻറ ഗൗരവം കണക്കിലെടുത്ത് സിറ്റി പൊലീസ് കമീഷണർ എ.വി. ജോർജ് സിറ്റി ക്രൈം സ്ക്വാഡിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. പുലർച്ച ഒന്നര മണിയോടെ പിക്കപ് വാനിലെത്തിയ അജ്ഞാതസംഘം കടക്ക് തീയിടുന്നത് സമീപത്തെ കാമറകളിൽ പതിഞ്ഞിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ പ്രതികളെകുറിച്ച് സൂചന ലഭിച്ചു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തി വരവെ പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങിയതായി വിവരം ലഭിച്ചു. തമിഴ്നാട്ടിലെ നാമക്കൽ കേന്ദ്രീകരിച്ച് ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ കേരളത്തിലേക്ക് കടന്നതായി വിവരം ലഭിക്കുകയും പിന്തുടർന്ന പൊലീസ് താമരശ്ശേരിയിൽ നിന്നും നൗഷാദിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നൗഷാദിനെ ചോദ്യം ചെയ്തതിൽ നിന്നും സുഹൃത്തും മുഖ്യ പ്രതിയുമായ താമരശ്ശേരി മഞ്ചു ചിക്കൻ സ്റ്റാൾ ഉടമ റഫീക്ക് വിദേശത്തേക്ക് കടന്നതായി സൂചന ലഭിക്കുകയും ചെയ്തു. ഒളിവിൽ പോകാനുപയോഗിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. റഫീക്കിന് കടയുടമയുടെ ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിലെ പ്രശ്നങ്ങളിൽ കടയുടമ ഇടെപട്ടതുമായുള്ള വിരോധമാണ് കട നശിപ്പിക്കാൻ പ്രേരിപ്പിച്ചത്. റഫീക്ക് കടയും പരിസരവും നിരീക്ഷിച്ച ശേഷം വളരെ ആസൂത്രിതമായാണ് കൃത്യം ചെയ്തിട്ടുള്ളതെന്നും കൂട്ടുപ്രതികളെ കുറിച്ച് നൗഷാദിനെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വിദേശത്തുനിന്ന് റഫീക്കിനെ നാട്ടിലെത്തിക്കുള്ള നടപടികൾ ആരംഭിച്ചതായും ഇയാളെ വിദേശത്ത് സംരക്ഷിക്കുന്നവരെ കുറിച്ചു വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനും കൃത്യത്തിനും ഒളിവിൽ പോകാനും സഹായിച്ച കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുമുള്ള നീക്കം പൊലീസ് ആരംഭിച്ചു.
അന്വേഷണ സംഘത്തിൽ ചേവായൂർ എസ്.ഐ രവീന്ദ്രൻ, സി.പി.ഒ സുമേഷ് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമ്മണ്ണ, സുമേഷ് ആറോളി എന്നിവരാണ് ഉണ്ടായിരുന്നത്. കോവിഡ് പരിശോധനക്കു ശേഷം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ നൗഷാദിനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

