പഞ്ചായത്ത് അധികൃതരും കരാറുകാരും ഒത്തുകളി; ചാലിയത്ത് ജങ്കാർ സർവിസ് മുടങ്ങിയിട്ട് നാലുമാസം
text_fieldsകടലുണ്ടി: കരാറുകാരും കടലുണ്ടി പഞ്ചായത്ത് അധികൃതരും തമ്മിലുള്ള ഒത്തുകളിയിൽ ചാലിയം കടവിലെ ജങ്കാർ സർവിസ് മുടങ്ങിയിട്ട് നാലുമാസം പിന്നിട്ടു. യാത്രക്കാരെ വിഡ്ഢികളാക്കാൻ ഫിറ്റ്നസ് കാലാവധി കഴിഞ്ഞ ജങ്കാർ ബേപ്പൂർ കരയിൽ നങ്കൂരമിട്ടിരിക്കുന്നുണ്ട്. ചാലിയാർ അഴിമുഖത്തിനു വിളിപ്പാടകലെ സർവിസ് നടത്തുന്ന കടവിനു അതീവ സുരക്ഷ കണക്കിലെടുത്തായിരുന്നു വർഷങ്ങൾക്കു മുമ്പ് ബോട്ടു സർവിസിൽനിന്ന് ജങ്കാറിലേക്കുള്ള കാൽവെപ്പ്.
എന്നാൽ, ബേപ്പൂർ ഭാഗത്തെ ജെട്ടി തകർന്നതുമൂലം ജങ്കാറിന് സുരക്ഷിതമായി കരപറ്റാൻ സാധിക്കാതെ വന്നപ്പോൾ വീണ്ടും പഴയ കാലത്തെ ഓർമപ്പെടുത്തുന്ന വിധം ടൂറിസ്റ്റ്ബോട്ടാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. 18 യാത്രക്കാർക്ക് മാത്രം കയറാൻ അനുമതിയുള്ള ബോട്ടുകാത്ത് ഇരുകരകളിലും യാത്രക്കാരുടെ നീണ്ടനിരയാണ് ദിവസവും.
ബേപ്പൂർ ഭാഗത്തെ ജെട്ടി തകർന്നതുമൂലം ജങ്കാറിന് കരപറ്റാൻ കഴിയാതെ വന്നതാണ് സർവിസ് നിർത്തിവെക്കാൻ കാരണം. ജെട്ടി പുനർനിർമാണത്തിന് ടെൻഡർ വിളിക്കുമെന്ന് പലതവണ പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ജങ്കാർ ആരംഭിച്ച കാലംമുതൽ സർവിസ് നടത്തിയിരുന്ന കൊച്ചിൻ കമ്പനിയെ മാറ്റാൻ പഞ്ചായത്ത് ഭരണത്തിലെ ചില തൽപരകക്ഷികൾ ശ്രമിച്ചതായും ആരോപണമുണ്ട്. ജെട്ടി തകരാറിലായാൽ പെട്ടെന്ന് അറ്റകുറ്റപണികൾ തീർക്കുകയും പിന്നീട് ചെലവായ തുക പഞ്ചായത്തിൽനിന്ന് ഈടാക്കുകയുമാണ് മുൻ കരാറുകാർ ചെയ്യാറുള്ളതെങ്കിലും ഇപ്പോഴത്തെ കമ്പനി ഇത്തരം ഉത്തരവാദിത്വം ഏറ്റെടുക്കാത്തതാണ് സർവിസ് അനന്തമായി മുടങ്ങാൻ കാരണമായി പറയപ്പെടുന്നത്.
യാത്രക്കാർക്ക് ഇരുഭാഗത്തും എത്തിച്ചേരണമെങ്കിൽ ചുരുങ്ങിയത് 10 കിലോ മീറ്ററെങ്കിലും ചുറ്റണം. നിലവിൽ സർവിസ് നടത്തുന്ന ബോട്ടിൽ യാത്രക്കൂലി 10 രൂപയായി വർധിപ്പിച്ചും വിദ്യാർഥികളിൽ നിന്ന് അഞ്ചു രൂപ ഈടാക്കിയുമാണ് ഇപ്പോൾ നടത്തിപ്പ്. പൊതുജനങ്ങളുടെ പരാതി പരിഹരിക്കാനാണ് ബോട്ട് ഓടുന്നതെങ്കിലും കൃത്യനിഷ്ഠയില്ലാതെയാണ് സർവിസ് നടത്തുന്നതെന്നും ആരോപണമുണ്ട്.
പ്രതിമാസം 1,65,000 രൂപക്കാണ് ജങ്കാർ നടത്തിപ്പ് ലേലം ചെയ്തത്. കാലാവധി അഞ്ചു വർഷം. കടലുണ്ടി പഞ്ചായത്തിന്റെ അധീനതയിൽനിന്ന് മാറ്റി കോർപറേഷനോ ജില്ല പഞ്ചായത്തോ നടത്തിപ്പ് ചുമതല ഏറ്റെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അന്താരാഷ്ട്ര ബേപ്പൂർ ഫെസ്റ്റ് നടക്കാനിരിക്കെ ജങ്കാർ സർവിസിന്റെ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമായേക്കും. ഫെസ്റ്റ് നടക്കുന്ന ദിവസങ്ങളിൽ ജനത്തിരക്ക് ഏറുന്നതിനാൽ രണ്ട് ജങ്കാറുകൾ വരെ സർവിസ് നടത്താറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

