മുഹമ്മദ് ഇവാൻ ചികിത്സ സഹായം ജനകീയ കൺവെൻഷൻ നാളെ
text_fieldsപാലേരി (കോഴിക്കോട്): മാരകമായ ജനിതക രോഗമായ എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച പിഞ്ചുകുഞ്ഞിന്‍റെ ചികിത്സ സഹായത്തിന് ജനകീയ കമ്മിറ്റി രൂപവത്കരിക്കുന്നു. ചങ്ങരോത്ത് പഞ്ചായത്ത് പാലേരിയിലെ കല്ലുള്ളതിൽ നൗഫലിന്റെ മകൻ മുഹമ്മദ് ഇവാൻ എന്ന രണ്ടു വയസ്സുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ടു വയസ്സായിട്ടും എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത കുട്ടിക്ക് കഴിഞ്ഞ ഒരുവർഷമായി പലവിധ ചികിത്സകൾ നടത്തിവരുകയായിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് കുട്ടിക്ക് എസ്.എം.എയുടെ രോഗലക്ഷണങ്ങളാണെന്ന് തെളിഞ്ഞത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഭീമമായ തുക കണ്ടെത്തിയാൽ മാത്രമേ ഈ പിഞ്ചുകുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ സാധിക്കൂ.
18 കോടി രൂപയിലധികം വിലവരുന്ന മരുന്ന് രണ്ടു മാസത്തിനകം ലഭ്യമായാലേ ചികിത്സ സാധ്യമാകൂ. ഇത്രയും ഭീമമായ തുക കണ്ടെത്താൻ ഈ നിർധന കുടുംബത്തിനാവില്ല. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിക്കാനും ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പാലേരി മദ്റസയിൽ ജനകീയ കൺവെൻഷൻ നടക്കും. വടകര എം.പി കെ. മുരളീധരൻ, പേരാമ്പ്ര എം.എൽ.എ ടി.പി. രാമകൃഷണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉണ്ണി വേങ്ങേരി എന്നിവർ പങ്കെടുക്കും.