അച്ഛനെയും അമ്മയെയും കോവിഡ് എടുത്തു; ഈ വീട്ടിൽ ഇനി ലിബിനയും അഭിനവും മാത്രം
text_fieldsപാലേരി (കോഴിക്കോട്): എട്ടുദിവത്തിനിടെ ലിബിനക്കും അഭിനവിനും നഷ്ടമായത് പ്രിയപ്പെട്ട അച്ഛനെയും അമ്മയെയും. കോവിഡ് മഹാമാരിയാണ് 10, 12 ക്ലാസുകളിൽ പഠിക്കുന്ന ഈ മക്കളെ അനാഥരാക്കിയത്. അച്ഛൻ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് തോട്ടത്താംകണ്ടി മൂഞ്ഞോറേമ്മൽ ഭാസ്കരൻ (56) ആഗസ്റ്റ് മൂന്നിനാണ് മരിച്ചത്. ആഗസ്റ്റ് 10ന് അമ്മ ലീല(54)യും യാത്രയായി.
കോവിഡ് ചികിത്സക്കിടെയാണ് ഭാസ്കരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഇദ്ദേഹത്തിന് വൃക്ക സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. മൃതദേഹം കോഴിക്കോട് ശ്മശാനത്തിൽ സംസ്കരിച്ചു. നിത്യരോഗിയായ ലീലയും മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇവരെ വീട്ടുമുറ്റത്താണ് സംസ്കരിച്ചത്.
മകൾ ലിബിനക്കും കോവിഡ് വന്നെങ്കിലും ഇപ്പോൾ ഭേദമായി. അച്ഛനമ്മമാരില്ലാതെ ഇനി എന്ത് എന്ന ചോദ്യം പ്ലസ് ടു പഠിക്കുന്ന ലിബിനയേയും പത്താം തരത്തിൽ പഠിക്കുന്ന അഭിനവിനേയും തുറിച്ചുനോക്കുന്നുണ്ട്. ഇതുവരെയുള്ള സഹായങ്ങളെല്ലാം വാർഡ് മെംബർ എം.കെ. ഫാത്തിമയുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
ദാരിദ്ര്യരേഖക്ക് താഴെയുള്ള പട്ടികജാതി കുടുംബമാണിവരുടെത്. മാതാപിതാക്കൾ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതിന്റെ വേദന ഇതുവരെ ഈ മക്കൾക്ക് മാറിയിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

