വിദ്യാർഥികളെ കയറ്റിയില്ല; സ്വകാര്യബസ് തടഞ്ഞ് നാട്ടുകാർ
text_fieldsപാലേരി: ചെറിയകുമ്പളം ലിമിറ്റഡ് ബസ് സ്റ്റോപ്പിൽ വിദ്യാർഥികളെ കയറ്റാതെ സ്വകാര്യ ബസുകൾ കടന്നുപോകുന്നത് പതിവായതിനെ തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞു. കഴിഞ്ഞ ദിവസം സ്റ്റോപ്പിൽ കാത്തുനിന്ന 40ഓളം വിദ്യാർഥികളെ കയറ്റാതെ പോയ ബസാണ് ജനപ്രതിനിധിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തടഞ്ഞത്.
ചെറിയകുമ്പളം സ്റ്റോപ്പിൽ ബസുകൾ നിർത്താതെ പോകുന്നത് കാരണം വിദ്യാർഥികളും മറ്റ് യാത്രക്കാരും കടുത്ത യാത്രാദുരിതമാണ് നേരിടുന്നത്. നേരത്തെയും ഇതുസംബന്ധിച്ച് നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് ഏതാനും ദിവസങ്ങളിൽ ബസുകൾ നിർത്തിയെങ്കിലും വീണ്ടും പഴയപടി തുടർന്നു.
കഴിഞ്ഞ ദിവസവും വിദ്യാർഥികളെ വഴിയാധാരമാക്കി ബസ് പോയതോടെ വാർഡ് മെമ്പർ ഉബൈദ് വാഴയിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ബസ് തടഞ്ഞു. വിഷയത്തിൽ സ്ഥിരമായ പരിഹാരം വേണമെന്നും വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്ന നിലപാടുകൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ലിമിറ്റഡ് സ്റ്റോപ്പിൽ ബസുകൾ നിർബന്ധമായും നിർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും കൃത്യമായ പരിശോധന നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സംഭവത്തിൽ വാർഡ് മെമ്പർ ഉബൈദ് വാഴയിൽ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

