അർധരാത്രി യുവാവിനെ വീട്ടിൽ കയറി വെട്ടി
text_fieldsrepresentational image
പാലേരി: ചങ്ങരോത്ത് പഞ്ചായത്തിലെ കുളക്കണ്ടത്തിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപിച്ചു. പഴുപട്ടമീത്തൽ വിജേഷി(33)നാണ് പരിക്കേറ്റത്. ഇയാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച അർധരാത്രിയാണ് സംഭവം. അക്രമി സംഘം വീട്ടിലെത്തി വിളിച്ചുണർത്തി വെട്ടുകയായിരുന്നു.
വിജേഷിന്റെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. മുകളിലെ നിലയിൽ ഉറങ്ങുകയായിരുന്ന ജ്യേഷ്ഠനും ഭാര്യയും നിലവിളി കേട്ട് എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. ഒരു മാസം മുമ്പ് കടിയങ്ങാട് പാലം തറവട്ടത്ത് ക്ഷേത്രോത്സവത്തിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വീട്ടിൽ കയറി വെട്ടാൻ കാരണമെന്നറിയുന്നു. പേരാമ്പ്രയിലെ ശിവജി സേവാ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണമുണ്ട്.
പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി. ടി.പി. രാമകൃഷ്ണൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. ബാബു തുടങ്ങിയവർ വീട് സന്ദർശിച്ചു.

