പാളയം മാർക്കറ്റ് പൊളിക്കും: എൻ.ഐ.ടി റിപ്പോർട്ട് നടപ്പിലാക്കണമെന്ന് എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ
text_fieldsകോഴിക്കോട്: പാളയം മാർക്കറ്റ് പൊളിച്ച് നീക്കണമെന്ന എൻ.ഐ.ടി റിപ്പോർട്ടിന് കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകി. എൻ.ഐ.ടി സിവിൽ എൻജിനീയറിങ് വിഭാഗത്തിന്റെ വിശദപരിശോധനാ റിപ്പോർട്ടാണ് അംഗീകരിച്ചത്. കെട്ടിടം ഘടനാപരമായി ഉപയോഗയോഗ്യമല്ലെന്നും ശക്തമായ മഴയും കാറ്റും ഉൾപ്പെടെ സാഹചര്യങ്ങളിൽ ഭാഗികമായോ പൂർണമായോ തകർച്ചക്ക് സാധ്യതയുണ്ടെന്നും ജീവഹാനിക്ക് ഇടയാക്കുന്ന ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം എൻ.ഐ.ടി റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കാവൂവെന്ന് യു.ഡി.എഫ് അംഗം എസ്.കെ അബൂബക്കർ ആവശ്യപ്പെട്ടു. തുടർന്ന് മറ്റ് അംഗങ്ങളും അഭിപ്രായത്തെ അനുകൂലിച്ച് രംഗത്തെത്തി. എന്നാൽ വിദഗ്ധ സംഘം പഠിച്ച് നൽകിയ റിപ്പോർട്ടിൻമേൽ വീണ്ടും പഠനം നടത്താനാവില്ലെന്ന് മേയർ ഒ. സദാശിവൻ വ്യക്തമാക്കി. തുടർന്ന് എൽ.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ 27 നെതിരെ 45 വോട്ടുകൾക്ക് അജണ്ട പാസാക്കി.
ഇ.എം.എസ് സ്റ്റേഡിയം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണമെന്ന എൻ.ഐ.ടി വിദഗ്ധ സംഘത്തിന്റെ നിർദേശത്തിനും കൗൺസിൽ അംഗീകാരം നൽകി. ഇതോടെ പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റിലേക്ക് മാറ്റാനുള്ള പ്രത്യക്ഷ നടപടികൾക്ക് തുടക്കാവും. ഒരു വിഭാഗത്തിന്റെ എതിർപ്പ് കാരണം പുതിയ മാർക്കറ്റ് ഉദ്ഘാടനം കഴിഞ്ഞ് വർഷത്തിലേറെയായിട്ടും അടഞ്ഞുകിടക്കുകയാണ്.
മാർക്കറ്റ് പൊളിച്ചുനീക്കുകയല്ലാതെ പരിഹാരമില്ല
കോഴിക്കോട്: 65 വർഷം പഴക്കുള്ള പാളയം മാർക്കറ്റ് പൊളിച്ചുനീക്കുകയല്ലാതെ പരിഹാരമില്ല എന്നാണ് എൻ.ഐ.ടിയുടെ റിപ്പോർട്ട്. അറ്റകുറ്റപണികൾ പരിഹാരല്ല. ഭാഗികമായ പുർനിർമാണവും സാധ്യമല്ല. ഘട്ടം ഘട്ടമായി പൊളിച്ചു നീക്കക്കുകയല്ലാതെ മറ്റ് വഴികളില്ല.
1961ൽ നിർമിച്ച മാർക്കറ്റ് കെട്ടിടസുച്ചയം അപകടഭീഷണിയിലാണ്. കൽഭിത്തികളിൽ വിള്ളലുകൾ ഉണ്ട്. പായലും പൂപ്പലും കയറിയ ചുവരുകൾ ദുർബലമായിട്ടുണ്ട്. മരത്തടികളിലുള്ള മേൽക്കൂരകൾക്കും തകരാറുണ്ട്. ആർ.സി.സി ബീമുകളിലും സ്ലാബുകളിലും ഹോട്ടൽ കെട്ടിടത്തിലും അമിതഭാരം ഭീഷണി സൃഷ്ടിക്കുന്നു. വാട്ടർ ടാങ്കിലും കോൺക്രീറ്റ് കമ്പികൾ തുരുമ്പിച്ച് പുറത്തുകാണുന്ന അവസ്ഥയുണ്ട്. അനധികൃത സൺഷേഡുകളും താൽക്കാലിക നിർമിതികളും ശക്തമായ കാറ്റിലും മഴയിലും തകർന്നുവീഴാൻ സാധ്യതയുള്ളതായും റിപ്പോർട്ടിൽ വിശദമാക്കുന്നു. സൺഷേഡുകളിലുൾപ്പെടെ അമിതഭാരം കയറ്റിവെക്കുന്നതും മാലിന്യ നിക്ഷേപവും മറ്റും കെട്ടിടങ്ങളുടെ ഘടനാപരമായ നാശം കൂടുതൽ രൂക്ഷമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

