Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:35 AM IST Updated On
date_range 17 Jan 2022 5:35 AM ISTp3 package കോവിഡ് ഭീതി; നാട് വീണ്ടും നിയന്ത്രണങ്ങളിലേക്ക്
text_fieldsbookmark_border
കോഴിക്കോട്: ഇടവേളക്കുശേഷം കോവിഡ് വീണ്ടും വ്യാപകമായതോടെ നാടും നഗരവും നിയന്ത്രണങ്ങളിലേക്ക്. സിറ്റി പൊലീസ് നഗരത്തിൽ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആദ്യപടിയായി കോഴിക്കോട് കടപ്പുറത്തേക്കുള്ള ആളുകളുടെ പ്രവേശനം തടയുകയാണ് ചെയ്യുന്നത്. പൂർണമായും ആളുകളെ വിലക്കുകയല്ല, കുട്ടികളെയും പ്രായം ചെന്നവരെയും നിയന്ത്രിക്കുകയാണ് ചെയ്യുന്നതെന്ന് സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷ് അറിയിച്ചു. കൂടുതൽ ആളുകളെത്തുമ്പോൾ ബീച്ചിലേക്കുള്ള ഗതാഗതം വരുംദിവസങ്ങളിൽ തടയും. ഇതിനായി കൂടുതൽ പൊലീസ് പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. നഗരത്തിൽ കൂടുതൽ ആളുകളെത്തുന്ന മൊഫ്യൂസിൽ, പാളയം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ, മാളുകൾ, വ്യാപാര സമുച്ചയങ്ങൾ എന്നിവിടങ്ങളിലും റെയിൽവേ സ്റ്റേഷനിലും പരിശോധന ആരംഭിച്ചു. പൊതുപരിപാടികളിൽ ആളുകളെ നിയന്ത്രിക്കാൻ നിർദേശിച്ചിട്ടുണ്ട്. മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കാത്തവർ, സാമൂഹിക അകലം പാലിക്കാതെ അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നവർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. അതിനിടെ ഞായറാഴ്ച നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും കടപ്പുറത്തും പതിവുപോലെ വിലിയ തിരക്കാണ് അനുഭവപ്പെട്ടത്. കോഴിക്കോടിന് പുറമെ മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നടക്കമുള്ളവർ അവധി ആഘോഷത്തിന് കടപ്പുറത്തേക്ക് എത്തുന്നതാണ് വലിയ ആൾക്കൂട്ടം സൃഷ്ടിച്ചത്. ജില്ലയിലെ പ്രാദേശിക ബസ് സ്റ്റാൻഡുകളിലും അങ്ങാടികളിലുമടക്കം ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനുള്ള നടപടി ആരംഭിച്ചു. സർക്കാർ ഓഫിസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമടക്കം കോവിഡ് സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മുഴുവൻ കോടതി നടപടികളും ഓൺലൈനാക്കി. വെള്ളിയാഴ്ച മുതൽ സ്കൂളുകളിലെ ഒമ്പതാം ക്ലാസ് വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.എം, എൻ.ഐ.ടി എന്നിവിടങ്ങളിലടക്കം കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുപരിപാടികൾക്കും അടുത്ത ദിവസങ്ങളിൽ ജില്ല ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് വിവരം. നേരത്തെ രോഗലക്ഷണങ്ങളുള്ളവർ മുഴുവൻ പരിശോധനക്ക് വിധേയരാവുകയും പോസിറ്റിവായാലുടൻ ക്വാറന്‍റീനിൽ കഴിയുകയും ചെയ്തിരുന്നുവെങ്കിൽ ഇപ്പോൾ പരിശോധനക്ക് വിമുഖത കാട്ടുന്നതാണ് രോഗവ്യാപനത്തിനിടയാക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. രോഗവിവരക്കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിടുന്നത് നിർത്തിയതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. ആളുകളുടെ ജാഗ്രത കുറയാൻ ഇതും കാരണമായതായാണ് ആക്ഷേപം. -സ്വന്തം ലേഖകൻ inner box.... രോഗസ്ഥിരീകരണ നിരക്ക് കുതിക്കുന്നു കോവിഡ് ബാധിതർ പതിനായിരം കടന്നു; ടിപി.ആർ 30.65 ശതമാനം --1643 പുതിയ രോഗികൾ, ഇതുവരെ 4543 മരണം കോഴിക്കോട്: ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും പതിനായിരം കടന്നു. ജനുവരി ആദ്യം 2758 രോഗികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രോഗസ്ഥിരീകരണ നിരക്കും (ടി.പി.ആർ) കുതിച്ചുയർന്നു. ഏഴിൽ താഴെ എത്തിയതാണ് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന് 30.65 ശതമാനത്തിലെത്തിയത്. പ്രതിദിന രോഗികളുടെ എണ്ണവും നേരത്തെ മുന്നൂറിൽ താഴെവരെയെത്തിയത് ഇപ്പോൾ ആയിരത്തഞ്ഞൂറിന് മുകളിലെത്തി. അതിനിടെ ഒമിക്രോണും ജില്ലയിൽ വലിയതോതിൽ കൂടി. ഐ.ഐ.എമ്മിലെ വിദ്യാർഥിക്കടക്കം ഒമിക്രോൺ സ്ഥിരീകരിച്ചു. ഞായറാഴ്ച ജില്ലയില്‍ 1643 പേർ കൂടി കോവിഡ് പോസിറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമർഫാറൂഖ് അറിയിച്ചു. സമ്പര്‍ക്കം വഴി 1616 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 11 പേർക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 11 പേർക്കും അഞ്ച് ആരോഗ്യപ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5500 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 415 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ രോഗം സ്ഥിരീകരിച്ച് 10,529 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 104 പേർ സര്‍ക്കാര്‍ ആശുപത്രികളിലും 252 പേർ സ്വകാര്യ ആശുപത്രികളിലും മൂന്നുപേർ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലും 50 പേർ സെക്കൻഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലും 8477 പേർ വീടുകളിലുമാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1782 പേർ ഉൾപ്പെടെ 22,874 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. 4543 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് തിരുവനന്തപുരവും എറണാകുളവും തൃശൂരും കഴിഞ്ഞാൽ ഞായറാഴ്ച ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കോഴിക്കോട്ടാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story