കോഴിക്കോട് 600 വർഷത്തിലേറെ പഴക്കമുള്ള ചരിത്രശേഷിപ്പ് കണ്ടെത്തി
text_fieldsകോഴിക്കോട്: കോഴിക്കോട് ദാവൂദ് ഭായ് കപ്പാസി റോഡിലെ പുരാതന കെട്ടിടത്തിൽനിന്ന് 600 വർഷത്തിലേറെ പഴക്കമുള്ള ചരിത്രശേഷിപ്പ് കണ്ടെത്തി. കെട്ടിടത്തിന്റെ നടുമുറ്റം കുഴിച്ചപ്പോഴാണ് ഒരു മീറ്ററിലധികം നീളമുള്ള കരിങ്കല്ലിൽ തീർത്ത വാതിൽപടിയുടെ ഭാഗം കണ്ടെത്തിയത്. സാമൂതിരി രാജാവിന്റെ കോട്ടയുടെ വാതിലിന്റെ അവശിഷ്ടമാണിതെന്നാണ് നിഗമനമെന്ന് പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞനായ കെ.കെ. മുഹമ്മദ് പറഞ്ഞു.
കിഴക്കേ മെയിൻ ഗേറ്റിന് അനുബന്ധമായുള്ള ചെറുവാതിലിന്റെ ഭാഗമാണിത്. ആറ് നൂറ്റാണ്ടിലേറെ ഇതിന് പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇത് പരിശോധനക്ക് വിധേയമാക്കണം. ഇത് കോഴിക്കോട്ടെ പഴശ്ശിരാജ മ്യൂസിയത്തിലേക്ക് മാറ്റും. സാമൂതിരി കോട്ടയുടെ മെയിൻ ഗേറ്റിന്റെ ഭാഗം 2017ൽ സിൽക് സ്ട്രീറ്റ് റോഡ് പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു. പഴയ പാണ്ടികശാല ഹോട്ടലാക്കി മാറ്റിയ കെട്ടിടത്തിന്റെ ഉള്ളിലാണ് പുതിയ ചരിത്രശേഷിപ്പ് കണ്ടെത്തിയിരിക്കുന്നത്.
ഈ മേഖലയിൽ കോട്ടയുടെ മുഖ്യവാതിലുകളിലൊന്ന് ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇത്തരം ശേഷിപ്പുകൾ ഇനിയും കണ്ടെത്താനുണ്ടെന്ന് കെ.കെ. മുഹമ്മദ് പറഞ്ഞു. സാമൂതിരിയുടെ ചരിത്രശേഷിപ്പുകൾ ഇനിയും കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് ടൂറിസം വികസനത്തിന്റെ ഭാഗംകൂടിയാണ്.
കോഴിക്കോട്ടെത്തുന്ന വിനോദസഞ്ചാരികൾക്ക് കാണിച്ചുകൊടുക്കാവുന്ന ചരിത്രശേഷിപ്പുകൾ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടില്ല. മ്യൂസിയം ആളുകളെത്തുന്ന സ്ഥലത്തുതന്നെ സ്ഥാപിക്കണം. കോഴിക്കോട് കോർപറേഷന്റെ പഴയ ഓഫിസ് കെട്ടിടം മ്യൂസിയമാക്കി മാറ്റാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.