അവയവമാറ്റം: തിരുവനന്തപുരത്തുനിന്ന് കരള്‍ ഹെലികോപ്ടർ വഴി കോഴിക്കോട്ടെത്തിച്ചു
text_fieldsമസ്തിഷ്കമരണം സംഭവിച്ച ആളുടെ കരൾ തിരുവനന്തപുരത്തു നിന്നും ഹെലികോപ്ടർ വഴി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ
കോഴിക്കോട്: മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ കരള്‍ തിരുവനന്തപുരത്തുനിന്ന് ആകാശമാർഗം കോഴിക്കോട്ടെത്തിച്ചു. ആസ്റ്റര്‍ മിംസ് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന കണ്ണൂര്‍ സ്വദേശി സിദ്ധാർഥ് കുമാറിനാണ് (61) കരള്‍ മാറ്റിവെച്ചത്.
റോഡ് മാർഗം അവയവം എത്തിക്കുന്നതിനെടുക്കുന്ന സമയദൈര്‍ഘ്യം പരിഗണിച്ചാണ് എയര്‍ ആംബുലന്‍സ് വഴി കോഴിക്കോട്ടേക്കെത്തിക്കാന്‍ തീരുമാനിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 3.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട എയര്‍ ആംബുലന്‍സ് 5.03ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. 5.30ഓടെകൂടി റോഡ് മാർഗം ആസ്റ്റര്‍ മിംസിലെത്തിച്ചു.
അപ്പോഴേക്കും ശസ്ത്രക്രിയക്കാവശ്യമായ മുഴുവന്‍ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി. ഡോ. സജീഷ് സഹദേവന് (ഗ്യാസ്ട്രോ സര്‍ജറി വിഭാഗം മേധാവി), ഡോ. നൗഷിഫ്, ഡോ. അഭിഷേക് രാജന്, ഡോ. സീതാലക്ഷ്മി, ഡോ. അനീഷ് കുമാർ, ഡോ. കിഷോർ, ഡോ. രാഗേഷ്, ട്രാന്‍സ്പ്ലാൻറ് മാനേജര്‍ അന്‍ഫി മിജോ എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി.

