ചുവപ്പ് ജാഗ്രത: ആശങ്കയൊഴിഞ്ഞ ബുധൻ
text_fieldsകോഴിക്കോട്: ജില്ലയിൽ അതിശക്തമായി മഴ പെയ്യുമെന്ന പ്രവചനത്തെ തുടർന്ന് വലിയ മുന്നൊരുക്കം നടത്തിയെങ്കിലും ബുധനാഴ്ച കാര്യമായ മഴക്കെടുതികൾ ഉണ്ടാവാത്തത് ആശ്വാസമായി. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലയിൽ പ്രഖ്യാപിച്ച ചുവപ്പ് ജാഗ്രത ബുധനാഴ്ച രാവിലെയോടെ പിൻവലിച്ച് ഓറഞ്ചാക്കുകയും ചെയ്തു.
തെക്കൻ ജില്ലകൾക്ക് പിന്നാലെ ബുധനാഴ്ച വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയുണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചതിനാൽ വലിയ സുരക്ഷാമുന്നൊരുക്കമാണ് ജില്ല ഭരണകൂടം നടത്തിയിരുന്നത്.
എന്നാൽ, അടിവാരം ഉൾപ്പെടെ മലയോരമേഖലയിൽ മഴ ഉണ്ടായത് ഒഴിച്ചാൽ ശാന്തമായ കാലാവസ്ഥയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചതിനുപിന്നാലെ യൂനിവേഴ്സിറ്റികൾ പരീക്ഷകളടക്കം മാറ്റുകയും ചെയ്തിരുന്നു.
മാത്രമല്ല, ആവശ്യമായ സ്ഥലങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകളും കൺട്രോൾ റൂമുകളും തുടങ്ങാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്നെ അവലോകന യോഗത്തിൽ ബന്ധപ്പെട്ടവർക്ക് നിർദേശവും നൽകിയിരുന്നു. മലയോരമേഖലയിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരോട് മാറിത്താമസിക്കാനും പറഞ്ഞു.
തീരമേഖലകളിൽ കഴിയുന്നവർക്ക് ജാഗ്രത നിർദേശവും നൽകി. നേരത്തെ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ വ്യാഴാഴ്ചയും അധികൃതർ ജാഗ്രതയിലാണ്.
മഴ: ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
കോഴിക്കോട്: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ രണ്ട് ക്യാമ്പുകൾ കൂടി പ്രവർത്തനമാരംഭിച്ചു. കൊയിലാണ്ടി താലൂക്കിൽ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് ക്യാമ്പ് തുറന്നത്. നരേന്ദ്രദേവ് കോളനിയിലെ 24 കുടുംബങ്ങളിൽ നിന്നായി 95 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, ഡെപ്യൂട്ടി തഹസിൽദാർ പി. ശശിധരൻ, വില്ലേജ് ഓഫിസ് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീടുകളിലെത്തി ആളുകളുമായി സംസാരിച്ച ശേഷം ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

