മെഡിക്കൽ കോളജിൽ ഇംപ്ലാന്റുകൾ കിട്ടാനില്ല; ശസ്ത്രക്രിയയില്ല; രോഗികൾ ദുരിതത്തിൽ
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എല്ലുരോഗ ശസ്ത്രക്രിയകൾക്കുള്ള ഇംപ്ലാന്റുകൾ കിട്ടാതായതോടെ ശസ്ത്രക്രിയക്കെത്തിയ രോഗികളെ ചികിത്സിക്കാതെ ഡിസ്ചാർജ് ചെയ്യുന്നു. അപകടത്തിൽ എല്ലിനു ക്ഷതം സംഭവിച്ച രോഗികൾക്കുള്ള ശസ്ത്രക്രിയകളും മുടങ്ങുകയാണ്. മലബാറിലെ സാധാരണക്കാരുടെ ഏക ആശ്രയമായ ആശുപത്രിയിൽ സ്ഥിതി ഗുരുതരമായിട്ടും പ്രശ്നപരിഹാരത്തിന് സർക്കാർ ശ്രമിക്കാത്തത് സാധാരണക്കാരായ രോഗികളെ ദുരിതത്തിലാക്കി.
നേരത്തെ ശസ്ത്രക്രിയക്കു തീയതി ലഭിച്ച് എല്ലുരോഗ വിഭാഗത്തിലെ വിവിധ വാർഡുകളിൽ പ്രവേശിപ്പിച്ച രോഗികളാണ്, ആശുപത്രി വികസന സമിതിയുടെ സർജിക്കൽ സ്റ്റോറിൽ ഇംപ്ലാന്റുകളുടെ സ്റ്റോക്ക് ഇല്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താനാവാതെ വീട്ടിലേക്കു മടങ്ങുന്നത്. ഒരാഴ്ചക്കിടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയകളുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി ജീവനക്കാർ വ്യക്തമാക്കുന്നു. ശസ്ത്രക്രിയക്കായി കഴിഞ്ഞദിവസങ്ങളിൽ ആശുപത്രിയിൽ അഡ്മിറ്റുചെയ്ത രോഗികളോട് ശസ്ത്രക്രിയ നടക്കുന്നില്ലെന്ന് ഡോക്ടർ പറഞ്ഞതോടെ ബുധനാഴ്ച പലരും ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു മടങ്ങി.
മുട്ട് മാറ്റിവെക്കൽ, ഇടുപ്പു മാറ്റിവെക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾക്ക് മൂന്നും നാലും മാസം മുൻപ് തീയതി ലഭിച്ചവരാണ് ചികിത്സ കിട്ടാതെ മടങ്ങുന്നത്. അനസ്തേഷ്യ വിഭാഗത്തിൽനിന്ന് ഫിറ്റ്നസ് ലഭിച്ച രോഗികൾവരെ ചികിത്സ കിട്ടാതെ മടങ്ങുന്ന കൂട്ടത്തിലുണ്ട്. അപകടത്തിൽപെട്ട് അത്യാഹിത വിഭാഗത്തിൽ എത്തുന്നവർവരെ അടിയന്തര ശസ്ത്രക്രിയകൾക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട സാഹചര്യമാണ്. ന്യായവില ഷോപ്പിൽ ഇംപ്ലാന്റില്ലെന്ന് വിവരം ലഭിക്കുന്നതോടെ കാത്തിരുന്നാലും ശസ്ത്രക്രിയ നടക്കില്ലെന്ന് മനസ്സിലാക്കി രോഗികളും കൂട്ടിരിപ്പുകാരും സ്വകാര്യ ആശുപത്രികളിലേക്കു പോകേണ്ടിവരുന്നു.
കുടിശ്ശിക വർധിച്ചതോടെ കഴിഞ്ഞയാഴ്ച മുതലാണ് സർജിക്കൽ സ്റ്റോറിലേക്കള്ള ഇംപ്ലാന്റ് വിതരണം ഏജൻസികൾ നിർത്തിയത്. കാസ്പ്, കാരുണ്യ, മറ്റ് ആരോഗ്യ ഇഷുറൻസ് പദ്ധികൾ മുഖേന ചികിത്സ തേടുന്ന രോഗികൾക്ക് ആശുപത്രി വികസന സമിതിയുടെ ന്യായവില മെഡിക്കൽ ഷോപ്പിൽനിന്നാണ് പ്രധാനമായും മരുന്നുകളും ഇംപ്ലാന്റ് അടക്കമുള്ള ശസ്ത്ര ക്രിയ ഉപകരണങ്ങളും നൽകിയിരുന്നത്. ന്യായവില മെഡിക്കൽ ഷോപ്പിലേക്കുള്ള മരുന്ന്-ഉപകരണ വിതരണം ഏജൻസികൾ നിർത്തിയതോടെ ഇൻഷൂറൻസ് പദ്ധിതികൾ വഴിയുള്ള ചികിത്സകളും മുടങ്ങി. ഒമ്പത് മാസത്തെ തുക കുടിശ്ശികയായതോടെ ജനുവരി 10 മുതലാണ് ന്യായവില മെഡിക്കൽ ഷോപ്പിലേക്കുള്ള മരുന്ന് വിതരണം ഏജൻസികൾ നിർത്തിയത്. ഇതോടെ ഡയലൈസർ അടക്കമുള്ളവ കിട്ടാതെ ഡയാലിസിസ് രോഗികൾ ദുരിതത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇംപ്ലാന്റ് വിതരണവും നിലച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

