വേങ്ങേരി മേൽപാലം തുറക്കൽ വൈകും; യാത്രാദുരിതം തുടരും
text_fieldsമന്ത്രി പി.എ. മുഹമ്മദ് റിയാസ് വേങ്ങേരി മേൽപാലം സന്ദർശിക്കുന്നു
കോഴിക്കോട്: പത്തു ദിവസത്തിനുള്ളിൽ തുറന്നുകൊടുക്കുമെന്ന് രണ്ടാഴ്ച മുമ്പ് പറഞ്ഞ വേങ്ങേരി മേൽപാലം ഇനിയും വൈകും. കോഴിക്കോട്-ബാലുശ്ശേരി റോഡിൽ തടമ്പാട്ടുതാഴം ഭാഗത്തുനിന്ന് ബൈപാസിലേക്ക് പകുതിഭാഗം നിർമിച്ച വി.ഒ.പി (വെഹിക്കിൾ ഓവർ പാസ്)യുടെ അവശേഷിക്കുന്ന ഭാഗത്തെ പാലം നിർമാണപ്രവൃത്തി പത്തു ദിവസത്തിനുള്ളിൽ പൂർത്തിയാക്കി ആഗസ്റ്റ് അവസാനത്തോടെ തുറന്നുകൊടുക്കുമെന്നായിരുന്നു കരാറുകാർ അറിയിച്ചിരുന്നത്. എന്നാൽ, വേങ്ങേരി ജങ്ഷനിൽ നിർമിക്കുന്ന മേൽപാലം സെപ്റ്റംബർ ആദ്യവാരത്തോടെയേ ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയൂവെന്നാണ് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വെള്ളിയാഴ്ച സ്ഥലം സന്ദൾശിച്ചശേഷം പറഞ്ഞത്.
വേങ്ങേരി ജങ്ഷനിൽ രണ്ടുവരി പാലം നിർമിക്കാനുള്ള പ്രവൃത്തി ആരംഭിക്കെ ഒരു വർഷം മുമ്പ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി തടസ്സപ്പെടുകയായിരുന്നു. ഗതാഗതം പുനഃസ്ഥാപിക്കാൻ രണ്ടുവരി പാലം നിർമിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ അധികൃതർ തയാറാവുകയായിരുന്നു. പല കാരണങ്ങളാൽ രണ്ടുവരി നിർമാണവും വൈകി. ശക്തമായ മഴയും അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവും കാരണം നിർമാണ പ്രവൃത്തി നീണ്ടു. മൂന്നു കൺസ്ട്രക്ഷൻ ജോയന്റ് നിർമിച്ചശേഷം ഏഴു ദിവസം ഉറയ്ക്കാനുള്ള സമയം മാത്രമേ ആവശ്യമുള്ളൂവെന്നാണ് കരാറുകാർ രണ്ടാഴ്ച മുമ്പ് പറഞ്ഞത്. വെങ്ങളം-രാമനാട്ടുകര ആറുവരി ദേശീയപാതക്ക് കുറുകെ 45 മീറ്റർ വീതിയിൽ 27 മീറ്റർ നീളത്തിലാണ് പാലം. പാതിഭാഗമായ 13.5 മീറ്റർ നീളത്തിൽ 45 മീറ്റർ വീതിയിൽ നിർമാണമാണ് പൂർത്തിയാകുന്നത്. ആറുവരിയുടെ അവശേഷിക്കുന്ന പാതിഭാഗത്ത് റോഡ് താഴ്ത്തി ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റിയാണ് പ്രവൃത്തി തുടങ്ങുക. 220 മീറ്റർ പൈപ്പാണ് മാറ്റിസ്ഥാപിക്കുക. പൈപ്പ് മാറ്റൽ പ്രവൃത്തി ആരംഭിച്ചാൽ നാലു ദിവസത്തോളം സിറ്റിയിൽ വെള്ളം മുടങ്ങും. നേരത്തേ പ്രഖ്യാപിച്ച പോലെ അടുത്തവർഷം അവസാനത്തോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ദേശീയപാത 66ന്റെ വികസനം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത വികസനം നടക്കുന്നത് കാരണം പലയിടങ്ങളിലും ഗ്രാമീണ റോഡുകളിലുൾപ്പെടെ ഗതാഗതം തിരിച്ചുവിടേണ്ടി വന്നിട്ടുണ്ട്. മഴകൂടിയായതോടെ പലയിടങ്ങളിലും റോഡുകൾ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഇക്കാര്യം ദേശീയപാത അതോറിറ്റിയുമായി സംസാരിച്ചിട്ടുണ്ടെന്നും മഴ കുറയുന്നമുറക്ക് പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, കരാർ കമ്പനി ഉദ്യോഗസ്ഥരും സന്ദർശനവേളയിൽ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

