അടിസ്ഥാന സൗകര്യമൊരുക്കാതെ ഒ.പി കൗണ്ടർ; മഴനനഞ്ഞ്, ചളിക്കുളത്തിൽ വരിനിന്ന് രോഗികൾ
text_fieldsബീച്ച് ആശുപത്രിയിലെ പുതിയ ഒ.പി കൗണ്ടറിലെ തിരക്ക് മുറ്റത്തെ വെള്ളക്കെട്ടിനിടയിലൂടെ
നീണ്ടപ്പോൾ
കോഴിക്കോട്: ജില്ല ജനറൽ (ബീച്ച്) ആശുപത്രിയിൽ അടിസ്ഥാന സൗകര്യമൊരുക്കാതെ ഒ.പി കൗണ്ടർ പൂർണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത് രോഗികളെ ദുരിതത്തിലാക്കി. പനിച്ചു പൊള്ളിയും കൈക്കുഞ്ഞുങ്ങളെയെടുത്തും ആശുപത്രിയിൽ എത്തിയവർക്ക് പെരുമഴയത്ത് ചളിക്കുളത്തിൽ മണിക്കൂറുകൾ വരിനിന്ന ശേഷമാണ് ഒ.പി ടിക്കറ്റ് ലഭിച്ചത്. രാവിലെ സർവർ തകരാറ് കാരണം ടോക്കൺ നൽകലിന് വേഗത കുറഞ്ഞതോടെ രോഗികളുടെ വരി കണ്ണെത്താ ദൂരത്തോളം നീണ്ടു.
വയോധികരും കുട്ടികളും ഗർഭിണികളും അടക്കമുള്ളവർ കുടചൂടി മാലിന്യം നിറഞ്ഞ ചളിയിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നത് പ്രതിഷേധത്തിനിടയാക്കി. ഇതോടെ വാർഡ് കൗൺസിലർ റംലത്ത് സ്ഥലത്തെത്തി രോഗികളുമായും ആശുപത്രി അധികൃതരുമായും സംസാരിക്കുകയും രംഗം ശാന്തമാക്കുകയുമായിരുന്നു.
ദിനംപ്രതി 2000ത്തിൽ അധികം രോഗികൾ ഒ.പിയിൽ എത്തുന്ന ആശുപത്രിയിൽ മതിയായ ഇരിപ്പിടമോ മഴ കൊള്ളാതെ നിൽക്കാനുള്ള സൗകര്യമോ ഒരുക്കാതെയായിരുന്നു ഒ.പി കൗണ്ടർ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. പുതിയ ഒ.പി.ടി ബ്ലോക്കിൽ അഞ്ചു കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഒരാൾക്ക് മാത്രം പ്രവേശിക്കാവുന്ന കവാടവും റാംപുമാണ് ഒരുക്കിയത്.
ഇതുകാരണം അഞ്ചു കൗണ്ടറിലേക്കുമുള്ള രോഗികൾ ഒറ്റവരിയായി കെട്ടിടത്തിനുപുറത്ത് മഴയത്ത് വരിനിൽക്കേണ്ടിവന്നു. മലിനജലത്തിൽ കാത്തുനിന്ന് വേറെ അസുഖങ്ങൾക്കുകൂടി കാരണമാവുമെന്നായതോടെ രോഗികൾ പ്രതിഷേധിക്കുകയായിരുന്നു.
വിശാലമായ ഒ.പി ട്രാൻസ്ഫർമേഷൻ കെട്ടിടത്തിൽ പകുതി ഭാഗം ഷീറ്റുവെച്ച് മറച്ച് ആശുപത്രിയുടെ ഓഡിറ്റോറിയമായി ഉപയോഗിക്കുകയാണ്. ഈ ഭാഗം ഉപയോഗപ്പെടുത്താതെ പരിമിതമായ സ്ഥലത്താണ് അഞ്ചു കൗണ്ടറുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇതാണ് രോഗികൾക്ക് ദുരിതമായത്.
ഒ.പി കൗണ്ടറിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് ചളിക്കുളമായത് മഴക്കാലത്ത് രോഗികളുടെ ദുരിതം വർധിപ്പിച്ചു. എലിപ്പനി, ഡെങ്കിപ്പനി അടക്കമുള്ളവ പടർന്നുപിടിക്കുമ്പോഴും മാലിന്യം നിറഞ്ഞ ചളിയിൽ രോഗികൾ കാത്തുനിൽക്കുന്ന അവസ്ഥ ഒഴിവാക്കാൻ ഒരു സൗകര്യവും ആശുപത്രി അധികൃതർ ഒരുക്കിയിരുന്നില്ല.
എന്നാൽ, പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ദേവി അറിയിച്ചു. കെട്ടിടത്തിലെ കൂടുതൽ സ്ഥലം ഒ.പി കൗണ്ടറിനായി ഉപയോഗപ്പെടുത്തി കൂടുതൽ ഇരിപ്പിടം ഒരുക്കും. ഗർഭിണികളെയും പ്രായമായവരെയും, നിലവിൽ പുറത്തേക്കിറങ്ങുന്ന കവാടത്തിലൂടെ അകത്തേക്ക് പ്രവേശിപ്പിക്കാനും സൗകര്യമൊരുക്കും. ഇതിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തുമെന്നും അവർ അറിയിച്ചു.
രാവിലെ 7.30 മുതലാണ് ഒ.പി ടിക്കറ്റ് നൽകുക. ഇതിന് പുലർച്ച മുതൽ ആളുകൾവന്ന് വരിനിൽക്കും. പ്രവേശന കവാടത്തിലെ ഒ.പി കൗണ്ടർ കെട്ടിടം ചോർന്നൊലിച്ച് തകർച്ചാ ഭീഷണിയായതോടെയാണ് കൗണ്ടറുകൾ പൂർണമായും ഒ.പി ട്രാൻസ്ഫർമേഷൻ കെട്ടിടത്തിലേക്ക് മാറ്റിയത്. നേരത്തെതന്നെ ഇ-ഹെൽത്ത് അടക്കം അഞ്ച് കൗണ്ടറുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

