ജില്ലയിലെ ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ രണ്ടിന് തുടക്കമാകും
text_fieldsകോഴിക്കോട്: ജില്ലയിലെ ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ രണ്ടാം തീയതി തുടക്കമാകും. നഗരത്തിന്റെ ഹൃദയഭാഗങ്ങളായ മാനാഞ്ചിറയും പരിസര പ്രദേശങ്ങളും ഉൾപ്പെടെ ഇരുപത്തിയഞ്ചോളം ഭാഗങ്ങളിൽ ദീപാലങ്കാരം ഒരുക്കും. പ്രധാന കെട്ടിടങ്ങൾ, ട്രാഫിക് സിഗ്നലുകൾ, മരങ്ങൾ തുടങ്ങിയവ ദീപങ്ങളാൽ അലങ്കരിക്കും. സെപ്റ്റംബർ ഏഴുമുതൽ കലാകായിക മത്സരങ്ങൾ വിവിധ വേദികളിൽ സംഘടിപ്പിക്കും. ഒമ്പതാം തീയതി മുതൽ നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിൽ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും. ഓണാഘോഷ പരിപാടികൾ വിപുലമാക്കാൻ 20 ഓളം സബ്കമ്മിറ്റികൾ രൂപവത്കരിച്ചു. സെപ്റ്റംബർ 11നാണ് ഓണാഘോഷ പരിപാടികൾക്ക് സമാപനമാവുക.
തലസ്ഥാന നഗരത്തിന് സമാനമായി മലബാർ മേഖലയിലും ഓണാഘോഷം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കോഴിക്കോട് ഓണാഘോഷ പരിപാടികൾ നടത്തുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡ് പ്രതിസന്ധി മറികടന്ന് ജനങ്ങൾക്ക് മാനസിക കരുത്ത് നൽകാൻ ഓണാഘോഷ പരിപാടികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംഘാടനത്തിൽ ഒരുതരത്തിലുമുള്ള വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും ഉൾപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു. ജില്ലയിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ സാധ്യമാകുന്ന മാർഗങ്ങൾ സ്വീകരിക്കണം.
ബേപ്പൂർ വാട്ടർ ഫെസ്റ്റ്, കയാക്കിങ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചതുപോലെ ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാവണം.
മലബാർ മഹോത്സവം ഭാവിയിൽ നടത്തുന്ന കാര്യം ആലോചിക്കും. ബീച്ച് ടൂറിസം പദ്ധതി വ്യാപിപ്പിക്കും. മലബാർ മേഖലയിൽ ജല ടൂറിസത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതിനായി ചാലിയാർ പുഴയിൽ വള്ളംകളി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓണാഘോഷവുമായി ബന്ധപ്പെട്ട് എല്ലാവരുടെയും പൂർണ പിന്തുണ അഭ്യർഥിക്കുന്നതായും പരിപാടിയിൽ ജനപിന്തുണ ഉറപ്പാക്കണമെന്നും യോഗത്തിൽ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽ.എ അധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, പി.ടി.എ റഹീം, കാനത്തിൽ ജമീല, കെ.എം. സച്ചിൻദേവ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, സബ്കലക്ടർ വി. ചെൽസ സിനി, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മനോജ്, ഡി.ടി.പി.സി സെക്രട്ടറി നിഖിൽദാസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ആർ. പ്രമോദ്, ജനപ്രതിനിധികൾ, വ്യാപാര വ്യാപാര വ്യവസായ ഏകോപന സമിതി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

