ഓണാഘോഷത്തിന് കീശകീറും; പച്ചക്കറി വില പറന്നുതുടങ്ങി
text_fieldsകോഴിക്കോട്: ഓണം വിപണി മുന്നിൽകണ്ട് പച്ചക്കറിക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ചു തുടങ്ങിയതോടെ വില കുതിച്ചുതുടങ്ങി. അഞ്ചു ദിവസത്തിനുള്ളിൽ തക്കാളി ഉൾപ്പെടെ പല പച്ചക്കറികൾക്കും ഇരട്ടി വിലയായി. വില വർധിക്കാൻ പ്രത്യേക കാരണങ്ങളില്ലെങ്കിലും ഉൽപാദനക്കുറവ് ചൂണ്ടിക്കാണിച്ചാണ് ഇടനിലക്കാർ ക്ഷാമം സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ കടകൾ ഓർഡർ ചെയ്യുന്ന സാധനത്തിന്റെ പകുതിമാത്രം നൽകിയാണ് ക്ഷാമം സൃഷ്ടിക്കുന്നത്. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും എത്തുന്ന എല്ലാ പച്ചക്കറികൾക്കും അത്തം തുടങ്ങും മുമ്പേ വില കൂടിത്തുടങ്ങി.
കഴിഞ്ഞയാഴ്ച 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് ശനിയാഴ്ച മൊത്ത വിപണിയിലെ വില 44 രൂപയോളമെത്തി. പയർ, കൈപ്പ, വെണ്ട എന്നിവക്കും വില വർധിപ്പിച്ചാണ് കൊള്ള ലാഭം കൊയ്യാൻ തുടങ്ങുന്നത്. കല്യാണ സീസണുകള്‍ ആരംഭിച്ചതും സംസ്ഥാനത്ത് ഉൽപാദിപ്പിച്ച പച്ചക്കറികള്‍ വൈകുന്നതും വ്യാപാരലോബിക്ക് ഏറെ ഗുണമായി. ഓണത്തോടടുപ്പിച്ച് വില നിയന്ത്രണാതീതമാകുമെന്ന സൂചനയാണ് വ്യാപാരികൾ നൽകുന്നത്. തമിഴ്നാട്ടിലെയും കർണാടകയിലെയും ലോബികൾ കേരളത്തിന്റെ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണെന്നാണ് ആരോപണം. അതേസമയം, കർഷകർക്ക് വില വർധനയുടെ ആനുകൂല്യം കിട്ടുന്നുമില്ല.
20 രൂപയിൽ താഴെയുണ്ടായിരുന്ന വെണ്ടയുടെ മൊത്തവില 40 രൂപയിലെത്തി. കൈപ്പയുടെ വില ഏതാണ്ട് ഇരട്ടിയോളമെത്തി. ശനിയാഴ്ചത്തെ മൊത്തവില 35 രൂപയായി. മുരിങ്ങക്ക് പത്തുരൂപയോളം കൂടി 30 രൂപയായി. കാരറ്റിന് 60 രൂപയാണ്. മഹാരാഷ്ട്രയിൽനിന്ന് എത്തുന്ന ഉള്ളിക്കാകട്ടെ വലിയ വില വർധനയുമില്ല. ഉള്ളിയുടെ മൊത്ത വില 22 രൂപയാണ്. വെള്ളരിക്ക് വില 30 വരെയെത്തി. കാബേജും മത്തനും വില ഉയർന്നു. ചേനക്ക് മൊത്ത വില 50 രൂപയാണ്. 20 രൂപയുണ്ടായിരുന്ന മുരിങ്ങക്കായക്ക് മൊത്തവില 30 രൂപയുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

