ജന്മദിനാഘോഷ മധുരം നൽകി ഷാന ഷെറിൻ യാത്രയായി
text_fieldsഷാനഷെറിൻ, ഷാന കേക്ക് മുറിക്കുന്നു
ഓമശ്ശേരി: മരണത്തലേന്നു കുടുംബക്കാർക്കും ശുശ്രൂഷകർക്കും മധുരം നൽകി ഷാന ഷെറിൻ യാത്രയായി. തന്റെ 23-ാം പിറന്നാൾ മധുരം പകർന്നാണ് ഷാന ഇന്നലെ സ്വയം കണ്ണീരണിഞ്ഞും കണ്ടു നിന്നവരെ കണ്ണീരണിയിച്ചും യാത്രയായത്. കാൻസർ ബാധിച്ചതിനെ തുടർന്നു ഒന്നര വർഷമായി ചികിത്സയിലായിരുന്നു.
ഏകരൂൽ പി.ടി എച്ച് ഹോസ് പീസിൽ സാന്ത്വന പരിചരണത്തിലായിരുന്നു. വേദനകൾക്കിടയിലാണ് പി.ടി.എച്ച് പാലിയേറ്റീവ് വളന്റിയർമാർ ആശ്വാസം പകരാൻ ഷാനയുടെ പിറന്നാൾ ആഘോഷിക്കാൻ അവസരം ഒരുക്കിയത്. കേക്ക് മുറിച്ചും ക്യാപ് ധരിച്ചും അവർ ഷാനയുടെ വേദന മറക്കാൻ സജ്ജീകരണങ്ങളൊരുക്കി. പിറന്നാൾ വേദനക്ക് തെല്ലൊരാശ്വാസവും നൽകി. പി.ടി.എച്ച് വളന്റിയർമാർ ഷാനയെ കുടുംബാംഗത്തെ പോലെ ചേർത്ത് പിടിച്ച് പരിചരിക്കുകയായിരുന്നു. ഷാനയുടെ ഹൃദയ സ്പർശിയായ വാക്കുകൾ പരിചാരകർക്ക് കണ്ണീരോർമായി.
പിറന്നാൾ ആഘോഷത്തിന്റെ പിറ്റേന്ന് തിങ്കളാഴ്ച ഷാന എന്നെന്നേക്കുമായി എല്ലാവരെയും സങ്കടക്കടലിലാക്കി വിട പറഞ്ഞു. മയ്യിത്ത് പുത്തൂർ കണിയാർകണ്ടം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. പുത്തൂർ കോളിക്കടവ് പൂവൻപാറയിൽ മുനീർ സലീന ദമ്പതികളുടെ മകളാണ് ഷാന ഷെറിൻ. റിൻഷ,റാഷിൻ എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

