മഴ പെയ്താൽ ഇവിടെ വെള്ളക്കെട്ടാണ്
text_fieldsഞായറാഴ്ച പെയ്ത കനത്ത മഴയിൽ ഡ്രെയ്നേജിലൂടെ കയറിയ വെള്ളം ഓമശ്ശേരിയിലെ കടകൾക്കു മുന്നിൽ കെട്ടി നിൽക്കുന്നു
ഓമശ്ശേരി: വർഷം മുമ്പ് ആരംഭിച്ച ഡ്രെയ്നേജ് പ്രവൃത്തി പൂർത്തിയാകാത്തത് ഓമശ്ശേരി ടൗണിലെ കാൽനട ക്കാരെയും കച്ചവടക്കാരെയും ദുരിതത്തിലാക്കി. എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ ഓമശ്ശേരി ടൗണിലാണ് ഇപ്പോഴും പ്രവൃത്തി നടന്നുവരുന്നത്. പരാതികൾ വരുമ്പോൾ ഇടക്കിടെ നിർമാണ പ്രവൃത്തി നടത്തുകയാണ്. താഴെ അങ്ങാടിയിൽ ഡ്രെയ്നേജ് നിർമാണം കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. ഇവിടെ നടപ്പാത പൊളിച്ചിട്ടിരിക്കുകയാണ്.
പ്രവൃത്തി ഈ ഭാഗത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥലത്തേക്കുള്ള വഴിയാണ് ഇതുമൂലം മുടങ്ങി. ഇന്നലെ പെയ്ത കനത്ത മഴയിൽ ഇവിടെ വെള്ളം കയറി. മഴ ഇല്ലാത്ത സമയത്ത് ചെയ്യാമായിരുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.
അതേസമയം, അശാസ്ത്രീയ പ്രവൃത്തികൾ മൂലം സംസ്ഥാന പാതയിൽ നിരവധി സ്ഥലങ്ങളിലാണ് വെള്ളം കെട്ടി നിൽക്കുന്നത്. ഡ്രെയ്നേജിലൂടെ വെള്ളം ഒഴുകുന്നില്ല.
കെ.എസ്.ടി.പിയാണ് റോഡ് പ്രവൃത്തിക്കു മേൽനോട്ടം നൽകുന്നത്. എം.എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ പരാതി പോലും കരാറുകാർ അവഗണിക്കുന്നതായി പരാതിയുണ്ട്. നിരവധി തവണ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ റോഡ് പ്രവൃത്തി സംബന്ധിച്ചു പഞ്ചായത്ത് ഹാളിൽ സർവകക്ഷി യോഗം ചേർന്നെങ്കിലും പല തീരുമാനങ്ങളും നടപ്പായില്ലെന്നു പരാതിയുണ്ട്. ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്.