വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു
text_fieldsജിതിൻ ടോമി
ഓമശ്ശേരി: തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു. സംഭവത്തിൽ കൊടുവള്ളി പൊലീസ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി. കൂമ്പാറ കിഴക്കരക്കാട് ജിതിൻ ടോമിയെ (21) ആണ് കോടഞ്ചേരിയിൽനിന്ന് പിടികൂടിയത്.
ഓമശ്ശേരി ടൗണിന് സമീപം തനിച്ച് താമസിക്കുന്ന മീനാക്ഷിയുടെ മാലയാണ് അപഹരിക്കപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മീനാക്ഷിയുടെ വീടിന്റെ വാതിലിൽ മുട്ടി ജനലിനരികിലേക്ക് വരാൻ യുവാവ് ആവശ്യപ്പെട്ടു. സംസാരിക്കുന്നതിനിടെ വാതിൽ തള്ളിത്തുറന്ന് അക്രമി അകത്ത് കടക്കുകയായിരുന്നു.
വയോധികയെ ആക്രമിച്ച് കീഴ്പ്പെടുത്തിയാണ് മാല കവർന്നത്. പ്രതിയായ ജിതിൻ ടോമി വയോധികയുടെ വീടിന് സമീപം വരാറുണ്ടായിരുന്നു. വയോധികയുടെ വരവ് പോക്കുകൾ നിരീക്ഷിച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്.
സംഭവം നടന്നയുടൻ കൊടുവള്ളി പൊലീസ് സ്ഥലത്തെത്തുകയും തെളിവുകൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കുകയും പ്രതിയെക്കുറിച്ച് ലഭിച്ച സൂചനയെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

