ഓമശ്ശേരി: തങ്ങളുടെ ദുരിതം കാണാൻ തയാറല്ലാത്ത രാഷ്ട്രീയ പാർട്ടികൾക്ക് എന്തിന് വോട്ട് ചെയ്യണമെന്ന ചോദ്യവുമായി ഓമശ്ശേരി വേനപ്പാറ ഒടുക്കത്തിപൊയിൽ നിവാസികൾ.
ഇവിടത്തെ കരിങ്കൽ ക്വാറിയാണ് ഈ പ്രദേശത്തുകാരെ ഭീതിയിലാഴ്ത്തുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമാണ് ഇവിടെ ക്വാറിക്ക് പഞ്ചായത്ത് അനുമതി നൽകിയത്. പാറ പൊട്ടിക്കുന്നതുമൂലം വിള്ളലുണ്ടായ വീടുകളും നശിച്ച കൃഷിയിടങ്ങളും കാണിച്ച് നിരവധി സമരങ്ങളും പരാതികളും അയച്ചെങ്കിലും ക്വാറിയുടെ ലൈസൻസ് റദ്ദാക്കിയില്ല.
അതു നിർബാധം തുടരുന്നു. ലൈസൻസ് പുതുക്കാതിരിക്കാൻ പഞ്ചായത്ത് ഭരണസമിതി തയാറായില്ല. ഇരുമുന്നണികളും ഇക്കാര്യത്തിൽ വ്യത്യാസമില്ല. നാട്ടുകാരുടെ ചോദ്യത്തിന് മുന്നിൽ മറുപടി പറയാനാകാതെ സ്ഥാനാർഥികൾ വിയർക്കുകയാണ്. ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കോറോന്തിരിയിലാണ് ക്വാറി.
അയൽ പ്രദേശത്തുകാരാണ് ഇവിടത്തെ സ്ഥാനാർഥികൾ. ആർക്ക് വോട്ട് ചെയ്യണമെന്നതിനെ കുറിച്ച് നിസ്സംഗത നിലനിൽക്കുന്നതായി ക്വാറി വിരുദ്ധസമിതി കൺവീനർ പി.വി. ഹുസൈൻ പറഞ്ഞു.
2016ലാണ് ക്വാറിക്ക് അനുമതി നൽകിയത്. 2018ൽ ലൈസൻസ് പുതുക്കാതിരിക്കാൻ ആവുന്നത് ശ്രമിച്ചു. ഫലം ഉണ്ടായില്ല. എല്ലാ വർഷവും മാർച്ചിൽ ലൈസൻസ് പുതുക്കണം. ഇതു തടയപ്പെടുന്നില്ല. വോട്ട് ചോദിച്ചു വരുന്ന സ്ഥാനാർഥികളോട് തങ്ങൾ ഇതാവശ്യപ്പെട്ടതായി ഹുസൈൻ വ്യക്തമാക്കി.