ആപ്പായി ഫെയ്സ് ആപ്; അംഗൻവാടികളിലെ പോഷകാഹാര വിതരണം മുടങ്ങുന്നു
text_fieldsകോഴിക്കോട്: പോഷകാഹാര വിതരണത്തിന് മുഖം തിരിച്ചറിയൽ നിർബന്ധമാക്കുകയും പോഷൻ ട്രാക്കർ സൈറ്റ് ഒളിച്ചുകളി പതിവാക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ അംഗൻവാടികളിൽ പോഷകാഹാരവിതരണം താറുമാറാവുന്നു. ഭക്ഷണം ലഭിക്കണമെങ്കിൽ പോഷൻ ട്രാക്കറിൽ ഗർഭിണികളുടെയും അമ്മമാരുടെയും മുഖം ഫെയ്സ് റെകഗ്നിഷൻ ആപ് വഴി തിരിച്ചറിഞ്ഞ് അനുമതി ലഭിക്കണം. എന്നാൽ, സൈറ്റ് തകറാര്, ഫോണിന്‍റെ സാങ്കേതിക പ്രശ്നങ്ങൾ, അംഗൻവാടികളിൽ നെറ്റ് കവറേജ് ഇല്ലാതിരിക്കൽ തുടങ്ങിയ കാരണങ്ങളാൽ ഭക്ഷ്യധാന്യങ്ങൾ സ്വീകരിക്കാനെത്തുന്ന പലരുടെയും ഫോട്ടോ പോഷൻട്രാക്കറിൽ അപ്ലോഡ് ചെയ്യാൻ സാധിക്കുന്നില്ല.
ആധാർ കാർഡിലേ ഫോട്ടോയും ഫെയ്സാപ്പിൽ എടുക്കുന്ന ഫോട്ടോയും പരസ്പരം പൊരുത്തപ്പെടാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിൽ മുഖം തിരിച്ചറിയാതെ നിരവധി പേരാണ് പോഷകാഹാരം വാങ്ങാൻ കഴിയാതെ അംഗൻവാടികളിൽനിന്ന് മടങ്ങുന്നത്. സാങ്കേതിക തകരാറുകൾ കാരണം ധാന്യങ്ങളും അമൃതംപൊടിയും കിട്ടാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. ഇത് ഗർഭിണികളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരെയും ദുരിതത്തിലാക്കുന്നു.
ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങൾ രജിസ്റ്റർ ചെയ്ത അംഗൻവാടികളിലാണ് പ്രതിസന്ധി രൂക്ഷം. രണ്ടുംമൂന്നും തവണ വന്നിട്ടും പോഷാകാഹാരം ലഭിക്കാതാവുന്നതോടെ ഗുണഭോക്താക്കൾ പ്രതിഷേധിക്കും. ഇങ്ങനെ വരുമ്പോൾ രജിസ്റ്ററിൽ രേഖപ്പെടുത്തി ഭക്ഷ്യവസ്തുക്കൾ നൽകാനാണ് വർക്കർമാർക്ക് മുകളിൽനിന്ന് ലഭിക്കുന്ന നിർദേശം. ഇത് പിന്നീട് പോഷൺ ട്രാക്കറിൽ ഉൾപ്പെടുത്താൻകഴിയില്ല. മുഖംതിരിച്ചറിഞ്ഞ ശേഷമേ പോഷകാഹാരം കൊടുക്കാവു എന്ന് കേന്ദ്രം നിഷ്കർഷിക്കുന്നതിനാൽ രജിസ്റ്ററിൽ രേഖപ്പെടുത്തി നൽകുന്നത് തങ്ങൾക്ക് തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് വർക്കർമാർ.
അതോടൊപ്പം ഭാവിയിൽ പോഷൻ ട്രാക്കിൽ രേഖപ്പെടുത്തുന്ന അളവിൽ മാത്രമേ പോഷകാഹാരം അനുവദിക്കുകയുള്ളൂവെന്നും വിവരമുണ്ട്. അംഗൻവാടികളിലെ കുട്ടികളെയും ഫെയ്സ് റെകഗ്നിഷൻ ആപ്പ് വഴി രജിസ്റ്റർ ചെയ്യണം. പല കുട്ടികൾക്കും ആധാർ കാർഡ് എടുക്കാത്തവരാണെന്നതും പ്രതിസന്ധിയാവുന്നു. മാത്രമല്ല ഇത് ഫെയ്സ് റെകഗ്നിഷന് സമയമെടുക്കുന്നത് അംഗൻവാടി വർക്കർമാരുടെ ജോലിഭാരം വർധിക്കാനും ഇടയാക്കി.
നേരത്തെ ഐ.സി.ഡി.എസിൽ നിന്ന് അനുവദിച്ചിരുന്ന ഫോൺ കേടായതോടെ വർക്കർമാർ സ്വന്തം ഫോൺ ഉപയോഗിച്ചാണ് പോഷൻ ട്രാക്കറിൽ ഡേറ്റകൾ എന്‍റർ ചെയ്യുന്നത്. പലരുടെയും ഫോണുകൾ കേടായി. ഡിജിറ്റലൈസേഷൻ നടപ്പാക്കിയിട്ടും വർക്കർമാർക്ക് വേണ്ടത്ര പരിശീലനമോ പര്യാപ്തമായ ഫോണോ ഐ.സി.ഡി.എസ് നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

