മെഡിക്കൽ കോളജ്; ഫീസ് കൂട്ടിയത് സന്ദര്‍ശകരുടെ എണ്ണം കുറച്ചു
text_fieldsകോഴിക്കോട്: മെഡി. കോളജില്‍ സന്ദര്‍ശക ഫീസ് 50 രൂപയാക്കിയതോടെ സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞതായി ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) യോഗം വിലയിരുത്തി. പ്രവേശന ഫീസ് അമ്പത് രൂപയാക്കിയപ്പോള്‍ പ്രതിദിനം 100ല്‍ താഴെ പേര് മാത്രമാണ് സന്ദർശകരായി എത്തിയത്.
ഒ.പി ടിക്കറ്റിന് പത്ത് രൂപ ഫീസ് ഈടാക്കിയ കഴിഞ്ഞ രണ്ടു മാസത്തിനിടക്ക് ആ ഇനത്തില്‍ ആശുപത്രി വികസന സൊസൈറ്റിക്ക് 13,30,402 രൂപയുടെ വരുമാനം ലഭിച്ചതായും ആശുപത്രി അധികൃതർ യോഗത്തെ അറിയിച്ചു. ഏപ്രില്‍, മേയ് മാസത്തില്‍ യഥാക്രമം 624139, 706263 രൂപയാണ് ലഭിച്ചത്.
സന്ദര്‍ശകരുടെ എണ്ണം കുറക്കുകയാണ് 50 രൂപ ഫീസ് നിശ്ചയിച്ചതിന്റെ പ്രധാന ഉദ്ദേശ്യമെന്ന് എച്ച്.ഡി.എസ് ചെയര്‍മാന്‍കൂടിയായ ജില്ല കലക്ടര്‍ യോഗത്തെ അറിയിച്ചു.
ആശുപത്രിയിലേക്ക് സന്ദര്‍ശകരെ അനുവദിക്കേണ്ടതില്ലെന്ന അഭിപ്രായത്തോട് ഭൂരിപക്ഷം അംഗങ്ങളും യോജിച്ചു. എന്നാല്‍, അമ്പത് രൂപയാക്കി പ്രവേശനം അനുവദിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. നിലവിൽ കോവിഡ് മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും സന്ദർശനം അനുവദിക്കാമെന്നാണ് യോഗ തീരുമാനം.
പ്രവേശന ഫീസ് ഈടാക്കുന്നതിനോട് കോണ്‍ഗ്രസ് അംഗങ്ങള്‍ വിയോജിച്ചു. ഫീസ് അമ്പത് രൂപയാക്കിയത് സംബന്ധിച്ച പശ്ചാത്തലം യുവജന-രാഷ്ട്രീയ സംഘടന നേതാക്കളെ ബോധ്യപ്പെടുത്തണമെന്ന് സി.പി.എം പ്രതിനിധി ആവശ്യപ്പെട്ടു.
യോഗ പ്രതിനിധികളുടെ ആവശ്യം പരിഗണിച്ച് യുവജന-രാഷ്ട്രീയ പാര്‍ട്ടികളുമായി അതത് പാര്‍ട്ടികളുടെ പ്രതിനിധികളായ എച്ച്.ഡി.എസ് അംഗങ്ങള്‍ സംസാരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

