കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
text_fieldsപ്രശാന്ത്
കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് പ്രശാന്ത് എന്ന പിത്തം പ്രശാന്ത് അറസ്റ്റിൽ. കബളിപ്പിച്ച് കൈക്കലാക്കിയ ആഡംബര ബൈക്കിൽ കറങ്ങവെയാണ് പൊലീസിന്റെ വലയിലായത്. ഡി.സി.പി അരുൺ കെ. പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ. ജിജീഷും സംഘവുമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതോടെ മെഡിക്കൽ കോളജ്, നടക്കാവ്, കൊയിലാണ്ടി, തലശ്ശേരി, കണ്ണൂർ എന്നീ സ്റ്റേഷനുകളിലെ ഏഴ് കേസുകൾക്ക് തുമ്പുണ്ടായി.
ആഡംഭര ജീവിതം നയിക്കാനാണ് മോഷണം പതിവാക്കിയത്. ബാറിൽനിന്നും ഹോട്ടലിൽനിന്നും ബസ് സ്റ്റാൻഡിൽനിന്നും പരിചയം നടിച്ച് വയോധികരെയും അന്തർ സംസ്ഥാന തൊഴിലാളികളെയും കൂട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവരുന്നതാണ് രീതി.
വിവിധ ജില്ലകളിൽ കേസുള്ള ഇയാൾ കോയമ്പത്തൂർ ജയിലിൽനിന്ന് മാർച്ചിലാണ് പുറത്തിറങ്ങിയത്. തലശ്ശേരിയിൽ വയോധികനായ ഓട്ടോ ഡ്രൈവറോട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് സ്വർണമോതിരമാണ് കവർന്നത്. കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് കൊണ്ടുപോയി അവരുടെ പണവും മൊബൈലും കവർന്നു.
പിന്നീട് താവളം കോഴിക്കോടും കൊയിലാണ്ടിയുമാക്കി. കഴിഞ്ഞയാഴ്ച കോഴിക്കോടുവെച്ച് യുവാവിന്റെ ആഡംബര ബൈക്ക് കബളിപ്പിച്ച് കൈക്കലാക്കുകയും മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈലും പണവും കവർന്നു.
പിന്നീട് വഴിയിൽനിന്ന് പരിചയപ്പെട്ട വയോധികനെ ജ്യൂസ് വാങ്ങിനൽകി പരിചയം നടിച്ച് വീട്ടിലാക്കി തരാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി കൊണ്ടുപോയി വഴിയിൽ ഇറക്കിവിടുകയും മൊബൈലും പണവും കൈക്കലാക്കി. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മെഡിക്കൽ കോളജ് അസി. കമീഷണർ എ. ഉമേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

