ശുചിമുറിയില്ല; കൊച്ചുകൂരയിൽ തനിച്ച് 85കാരി
text_fieldsഉമ്മണ്ണ് തന്റെ കൊച്ചുവീട്ടിൽ
പാഴൂർ: ആഡംബര വീടുകൾ നിർമിക്കാൻ പലരും മത്സരിക്കുമ്പോൾ, 85കാരി കഴിയുന്നത് കൊച്ചുകൂരയിൽ തനിച്ച്. ഈ കൂരയിൽ ശുചിമുറിയില്ലാത്തതിനാൽ വർഷങ്ങളായി ഈ വയോധിക അനുഭവിക്കുന്നത് തീരാദുരിതം. ചാത്തമംഗലം പഞ്ചായത്ത് 12ാം വാർഡിൽ ചിറ്റാരി പിലാക്കൽ കളരിക്കൽ ഉമ്മണ്ണാണ് വാർധക്യത്തിന്റെ നിസ്സഹായതയിലും കണ്ണീര് കുടിക്കുന്നത്.
വീട്, ശുചിമുറി നിർമാണത്തിന് നിരവധി പദ്ധതികളുണ്ടായിരിക്കെ ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് പഞ്ചായത്ത് ചെലവഴിക്കുന്നതിനിടെയാണ് നാടിനെ നാണിപ്പിക്കുന്ന ഈ അവസ്ഥ. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ ഉമ്മണ്ണിന് സമീപത്തെ ബന്ധു വീട്ടിലേക്ക് പോകേണ്ട ഗതികേടാണ്. കിണറോ പൈപ്പ് കണക്ഷനോ ഇല്ലാത്തതിനാൽ കുടിവെള്ളത്തിനും മറ്റുമായി സമീപ വീടുകളെ ആശ്രയിക്കണം.
വീടിന്റെ പരിസരത്തെ റബർ തോട്ടത്തിന് ഇടയിലൂടെ വേണം സമീപ വീടുകളിലേക്ക് പോകാൻ. ഉമ്മണ്ണിന് കൊച്ചു കൂരയിലെത്താൻ ഇടുങ്ങിയ നടവഴി മാത്രമാണുള്ളത്. നേരത്തെ കർഷക തൊഴിലാളിയായാണ് ഉപജീവനം നടത്തിയിരുന്നത്. കൊച്ചുവീട്ടിൽ രാത്രി തനിച്ച് കഴിയാൻ ഭയമുള്ളതിനാൽ സമീപത്തെ ബന്ധുവീട്ടിലേക്ക് പോകുകയാണ് പതിവ്. ഈ അടുത്ത നാൾവരെ വെറും നിലത്തായിരുന്നു കിടന്നിരുന്നത്. ദുരിതാവസ്ഥ കണ്ട് കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗം ശിവദാസൻ ബംഗ്ലാവിൽ ഇടപെട്ടാണ് കട്ടിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

