ഇരിപ്പിടമില്ല; മെഡി. കോളജിലെത്തുന്നവർ മഴയത്തും വെയിലത്തും
text_fieldsകോഴിക്കോട് മെഡിക്കൽ കോളജിലെ പി.എം.എസ്.എസ്.വൈ അത്യാഹിത വിഭാഗത്തിൽ എത്തിയ രോഗികളുടെ
കൂട്ടിരിപ്പുകാർ പ്രവേശന കവാടത്തിൽ ഇരിക്കുന്നു
കോഴിക്കോട്: അത്യാധുനിക സൗകര്യമുള്ള കെട്ടിടവും വിശാലമായ മുറ്റവും ഉണ്ടെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിലെ പി.എം.എസ്.എസ്.വൈ അത്യാഹിത വിഭാഗത്തിൽ എത്തുന്നവർ ഇരിക്കാനോ നിൽക്കാനോ ഇടമില്ലാതെ കുഴങ്ങുന്നു. രോഗികളുടെ കൂടെ ഒരാളെ മാത്രമേ ആശുപത്രിക്കകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. കൂടെ എത്തിയ മറ്റുള്ളവർ ആശുപത്രിക്കുപുറത്ത് കാത്തിരിക്കാറാണ് പതിവ്. ഇങ്ങനെ അത്യാഹിത വിഭാഗത്തിൽ രോഗികളുമായി എത്തുന്നവരാണ് ഇരിക്കാൻ സൗകര്യമില്ലാതെ മഴയും വെയിലുമേറ്റ് ദുരിതമനുഭവിക്കുന്നത്.
ഇരിക്കാൻ മറ്റൊരിടമില്ലാത്തതിനാൽ കൂട്ടിരിപ്പുകാർ പ്രവേശന കവാടത്തിന്റെ വശത്തെ ഭിത്തിയിൽ ഇരിക്കുകയും അവിടെ തന്നെ കൂടിനിൽക്കുകയും ചെയ്യുന്നത് പതിവു കാഴ്ചയാണ്. പ്രായമായവരും സ്ത്രീകളും കുട്ടികളുമടക്കമുള്ള കൂട്ടിരിപ്പുകാർക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
മാത്രമല്ല, ആംബുലൻസിൽ രോഗികളുമായി എത്തുന്നവർക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചിലർ ആശുപത്രി മുറ്റത്തെയും പാർക്കിങ് ഏരിയയിലെയും ചെറിയ മതിൽക്കെട്ടുകളിൽ കയറിയിരിക്കുന്നത് കാണാം. ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പുതന്നെ ഇവിടെ കൂട്ടിരിപ്പുകാർക്ക് വിശ്രമത്തിന് സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും അത്യാഹിത വിഭാഗം പ്രവർത്തനം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇതിന് പരിഹാരമായിട്ടില്ല. പഴയ അത്യാഹിത വിഭാഗത്തിനുമുന്നിൽ കൂട്ടിരിപ്പുകാർക്കായി വിശ്രമ കേന്ദ്രം ഉണ്ടായിരുന്നു.
പുതിയ അത്യാഹിത വിഭാഗത്തിൽ ആവശ്യത്തിന് സ്ഥലസൗകര്യമുണ്ടായിട്ടും കൂട്ടിരിപ്പുകാർക്ക് ഇരിപ്പിടം ഒരുക്കാത്തത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. മാത്രമല്ല, ആശുപത്രിൽ രോഗികളുമായി എത്തുന്ന സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഇവിടെ മതിയായ സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. ഉള്ള സ്ഥലങ്ങൾ ആശുപത്രിയിലെ ഉദ്യോഗസ്ഥർക്കായി ബുക്ക് ചെയ്ത് നാടകെട്ടി തിരിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ഇവിടെ വാഹനം നിർത്താനും കഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

