റോഡ് വികസനമില്ല: പയ്യാനക്കൽ മേഖലയിൽ ദുരിതം തുടരുന്നു
text_fieldsപയ്യാനക്കൽ ചുള്ളിക്കാട് റോഡിലെ ഗതാഗതക്കുരുക്ക്
കോഴിക്കോട്: പയ്യാനക്കൽ മേഖലയിൽ റോഡുകൾ വികസിക്കാത്തത് കാരണം യാത്രാദുരിതം രൂക്ഷം. പന്നിയങ്കര മേൽപ്പാലവും കല്ലായിപ്പുഴക്ക് കുറുകെ കോതി പാലവും വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് വഴിയുള്ള റോഡുകളൊന്നും വികസിക്കാത്തതാണ് മുഖ്യപ്രശ്നം.
ഇടുങ്ങിയ റോഡിൽ അപകടങ്ങൾ നിത്യസംഭവമായി. ബേപ്പൂരിൽ പാലം വന്ന് തീരദേശപാതയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഭാഗത്ത് വികസനം മുരടിച്ച് നിൽക്കുകയാണ്. ഓൾഡ് ബേപ്പൂർ റോഡിൽ നടന്നുപോകാൻ ആവാത്തത്രെ ഭീഷണിയാണെന്ന് പരിസരവാസികൾ പറയുന്നു.
റോഡിന്റെ വീതിയില്ലായ്മയാണ് അപകടങ്ങൾക്ക് കാരണം. സ്കൂൾ ബസുകളടക്കം കുരുക്കിലകപ്പെടുന്നു. രണ്ട് വലിയ വാഹനങ്ങൾ എതിർ ദിശയിൽ വന്നാൽ മറ്റു വാഹനങ്ങൾക്ക് മാത്രമല്ല, കാൽനടപോലും ബുദ്ധിമുട്ടാവുന്നു. സ്കൂൾ സമയങ്ങളിൽ വലിയ തോതിൽ ഗതാഗതക്കുരുക്കാണ്.
വർഷങ്ങൾക്ക് മുമ്പ് റോഡ് 18 മീറ്റർ വീതി കൂട്ടുന്നതിന് പദ്ധതിയുണ്ടായിരുന്നു. ആക്ഷൻ കമ്മിറ്റിയുടെ യോഗങ്ങൾ നടക്കാറുണ്ടെങ്കിലും പരിഹാര മാർഗമാവുന്നില്ല. റോഡിന് സ്ഥലമേറ്റെടുത്തെങ്കിൽ മാത്രമേ പരിഹാരം കാണാനാവൂ. കോഴിക്കോട് സൗത്ത്, തൊട്ടുടത്ത ബേപ്പൂർ എന്നിവടിങ്ങളിലെ എം.എൽ.എമാർ മന്ത്രിമാരും പ്രദേശത്തെ വാർഡ് കൗൺസിലർ ഡെപ്യൂട്ടി മേയറുമായപ്പോൾ യാത്രാദുരിതത്തിന് പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയുയർന്നെങ്കിലും കാര്യങ്ങൾ മുന്നോട്ടുപോയിട്ടില്ല.
നിവധി തവണ പ്രദേശത്തെ റെസിഡൻസ് അസോസിയേഷനുകളും വിവിധ സംഘടനകളും മന്ത്രിയടക്കം അധികൃതർക്ക് നിവേദനവും മറ്റും നൽകിയെങ്കിലും വാഗ്ദാനങ്ങൾ മാത്രമാണ് കിട്ടുന്നത്. ബീച്ചിലേക്കും മീഞ്ചന്ത ഭാഗത്തേക്കുമുള്ള വാഹനങ്ങൾ കൂടുതലും ഈ വഴി ആശ്രയിക്കാൻ തുടങ്ങിയതോടെ തിരക്കൊഴിഞ്ഞ നേരമില്ല.
കോതി പാലം കഴിഞ്ഞ് പയ്യാനക്കൽ റോഡിലേക്ക് ബന്ധിപ്പിക്കുന്ന 200 മീറ്ററോളം റോഡ് വിതികുറഞ്ഞാണുള്ളത്. രണ്ട് വശത്തുനിന്നും വാഹനങ്ങൾ വന്നാൽ കടന്നുപോകാൻ പ്രയാസമാണ്. ബേപ്പൂരിലേക്കുള്ള പഴയ റോഡിൽ വലിയ ലോറി, ടൂറിസ്റ്റ് ബസ് തുടങ്ങി ബേപ്പൂർ, ഫറോക്ക് ഭാഗങ്ങളിലേക്ക് കടപ്പുറം വഴി പോകുന്ന വാഹനങ്ങൾ നിരവധിയാണ്.
ബേപ്പൂർ, ഫറോക്ക് ഭാഗങ്ങളിൽ നിന്ന് വരുന്ന വലിയ വാഹനങ്ങൾ പയ്യാനക്കൽ റോഡ് മാർഗമാണ് ടൗണിലേക്ക് കടക്കുന്നതിപ്പോൾ. 1800ഓളം വിദ്യാർഥികൾ പഠിക്കുന്ന ഹയർ സെക്കൻഡറി സ്കൂൾ, നിരവധി മദ്രസകൾ തുടങ്ങിയവയുണ്ട്. റോഡ് 18 മീറ്റർ ആക്കി വികസിപ്പിക്കാൻ മുമ്പ് മൂന്നരക്കോടി രൂപ പ്രഖ്യാപിച്ചിരുന്നു. കോർപറേഷൻ 54, 55, 56 വാർഡുകൾപ്പെടുന്ന ഭാഗത്താണ് സ്ഥലമെടുപ്പ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

