റീടാറിങ്ങില്ല, പകരം അശാസ്ത്രീയ കുഴിയടക്കൽ; മൂടാടി ദേശീയപാതയിൽ യാത്രാദുരിതം
text_fieldsഅശാസ്ത്രീയമായ കുഴിയടക്കലിനോടൊപ്പം പുതിയ കുഴികൾ രൂപപ്പെട്ടിരിക്കുന്ന ദേശീയപാതയിലെ നന്തി മേൽപാലം
പയ്യോളി: ദേശീയപാതയിൽ നന്തി ടൗൺ മുതൽ മൂടാടിവരെ അശാസ്ത്രീയ കുഴിയടക്കലിൽ യാത്രാദുരിതമേറുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഉള്ള്യേരി സ്വദേശിനിയായ വീട്ടമ്മയുടെ ജീവനപഹരിച്ചത് നന്തി മേൽപാലത്തിലെ കുഴികളാണ്. നന്തി - മൂടാടി ഭാഗത്തെ റോഡ് ഭൂരിഭാഗവും പൊളിഞ്ഞപ്പോൾ റീ ടാറിങ് ചെയ്യേണ്ടതിനുപകരം അശാസ്ത്രീയമായ രീതിയിൽ കുഴിയടക്കുകയാണുണ്ടായത്. റോഡിന്റെ നിലവിലെ ഉപരിതലത്തിനേക്കാൾ ഉയർത്തിയാണ് കുഴികളടച്ചിരിക്കുന്നത്. ഉയർന്നുനിൽക്കുന്ന പ്രതലത്തിനുമേൽ ഇരുചക്ര വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ നിയന്ത്രണം വിടാൻ സാധ്യത ഏറെയാണ്. വീട്ടമ്മയുടെ മരണത്തിന് കാരണവും ഇതാകാമെന്നാണ് നിഗമനം. നന്തിബസാർ ജങ്ഷൻ, നന്തി മേൽപാലം, പഴയ ടോൾ ബൂത്ത്, മൂടാടി ടൗണിന് തെക്കുഭാഗം എന്നിവിടങ്ങളിലാണ് കുഴിയടക്കലിന്റെ ദുരിതം കൂടുതൽ. ദേശീയപാത വികസനം നന്തി - ചെങ്ങോട്ട്കാവ് ബൈപാസ് വഴിയായതുകൊണ്ട് നിലവിലെ നന്തി- കൊയിലാണ്ടി ദേശീയപാത റീ ടാറിങ് ചെയ്യാതിരിക്കുന്നത് എന്തിനാണെന്നാണ് നാട്ടുകാരും യാത്രക്കാരും ചോദിക്കുന്നത്. വഴിപാടാവുന്ന കുഴിയടക്കൽ നിർത്തി നന്തി മേൽപാലം ഉൾപ്പെടെ ദേശീയപാത പൂർണമായും റീടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

