ജിയോളജിസ്റ്റില്ല; ജില്ലയിലെ വികസന പ്രവൃത്തികൾ മുടങ്ങുന്നു
text_fieldsകോഴിക്കോട്: ജിയോളജിസ്റ്റില്ലാത്തതിനാൽ ജില്ലയിലെ വിവിധ വികസന പ്രവൃത്തികൾ മുടങ്ങുന്നു. പാറ ഖനനം, മണ്ണെടുപ്പ് തുടങ്ങി എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിർണയിക്കേണ്ട മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് രണ്ടുമാസത്തിലധികമായി നാഥനില്ല.
ജില്ലയില്‍ പാവപ്പെട്ടവന് ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ചുകിട്ടിയ വീട് നിര്‍മാണം അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചു. വീട് നിര്‍മാണത്തിന് മണ്ണെടുക്കുന്നതിനടക്കം നൂറുകണക്കിന് അപേക്ഷകളാണ് ജില്ല ജിയോളജി ഓഫിസില്‍ കെട്ടിക്കിടക്കുന്നത്.
പുതിയ ക്വാറികള്‍ തുടങ്ങുന്നതിനും നിലവിലുള്ളവയുടെ ലൈസന്‍സ് പുതുക്കുന്നതിനും വീടു നിര്‍മാണത്തിന് മണ്ണെടുക്കുന്നതിനുമടക്കം അനുമതി നല്‍കേണ്ടത് ജില്ല ജിയോളജിസ്റ്റാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥല പരിശോധന നടത്തുന്നതിനും ജിയോളജിസ്റ്റില്നിന്ന് അനുമതി ലഭിക്കണം. ജിയോളജിസ്റ്റിന്റെ അഭാവം കാരണം നേരത്തേ പരിശോധന പൂര്ത്തിയാക്കിയവയില്പോലും ഫീസടപ്പിച്ച് അനുമതി നല്കാന് കഴിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍.
ദിനംപ്രതി നിരവധി പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തി മടങ്ങുന്നത്. ജിയോളജിസ്റ്റ് എന്ന് എത്തുമെന്നത് സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍.
പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും കഴിയാത്തതിനാൽ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കല്ലിനും എം സാൻഡിനും മറ്റും ക്ഷാമം അനുഭവപ്പെടുന്നതായും ആക്ഷേപമുണ്ട്.
മാത്രമല്ല, അനധികൃത ക്വാറികള്‍ക്കെതിരെയുള്ള പരാതികള്‍ സ്വീകരിക്കാനും ക്വാറികളില്‍ പരിശോധന നടത്താനും കഴിയാത്ത സാഹചര്യമാണുള്ളത്. ഓഫിസിലുള്ള അസി. ജിയോളജിസ്റ്റിന് ഓഫിസ് കാര്യങ്ങളിലുള്ള ഉത്തരവാദിത്തം മാത്രമേ കൈമാറിയിട്ടുള്ളു.
ആറുവരി പാതയും കുരുക്കിൽ
ദേശീയപാതയുടെ കുരുക്കഴിക്കാനുള്ള രാമനാട്ടുകര-വെങ്ങളം ബൈപാസ് വികസന പ്രവൃത്തിയും മേധാവിയില്ലാത്ത ജില്ല ജിയോളജി ഓഫിസിൽ കുരുങ്ങിക്കിടക്കുകയാണ്. ജില്ല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബൈപാസ് ആറുവരിയായി വികസിപ്പിക്കുന്ന പദ്ധതിയാണ് അനുമതി നൽകാൻ ജിയോളജിസ്റ്റില്ലെന്ന കാരണത്താൽ മെല്ലെപ്പോക്കിലായത്. പ്രവൃത്തിയുടെ കരാർ ഉറപ്പിക്കൽ അടക്കം മറ്റെല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയപ്പോഴാണ് ജിയോളജി ഓഫിസിൽ നാഥനില്ലാതായത്. കരാറുകാരെ ഉറപ്പിക്കുന്നതിലെ നൂലാമാലകള്‍ അഴിച്ച് പ്രവൃത്തി തുടങ്ങുന്നതിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ പ്രതിസന്ധി. വീതി കൂട്ടുന്നതിനായി റോഡിലെ തണൽമരങ്ങൾ അടക്കം വെട്ടിമാറ്റി നിർമാണ പ്രവൃത്തി തുടങ്ങുന്നതിനുള്ള തയാറെടുപ്പിലായിരുന്നു കരാറുകാർ. പ്രവൃത്തി തുടങ്ങുന്നതിന് ജില്ല ജിയോളജിസ്റ്റില്നിന്ന് അനുമതി ലഭിക്കണം.
വില്ലനാര് ?
നേരത്തേയുണ്ടായിരുന്ന ജില്ല ജിയോളജിസ്റ്റ് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറിപ്പോയതോടെയാണ് ജിയോളജി വിഭാഗത്തിന് നാഥനില്ലാതായത്. പകരം തിരുവനന്തപുരം സ്വദേശിയായ, വിരമിക്കാന്‍ ഏതാനും മാസം മാത്രം ബാക്കിയുള്ള ഉദ്യോഗസ്ഥനെയാണ് നിയമിച്ചത്. എന്നാല്‍, സ്ഥലം മാറ്റത്തിനെതിരെ അദ്ദേഹം കോടതിയില്‍നിന്നു സ്റ്റേ വാങ്ങി. ഇതിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചതോടെ വിഷയം നിയമപോരാട്ടത്തിലേക്കു നീങ്ങി. തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗസ്ഥന് കോഴിക്കോട്ടു വന്ന് ജോലിയെടുക്കണമെന്ന സര്‍ക്കാറിന്റെ അനാവശ്യ പിടിവാശിയാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നും ആക്ഷേപമുണ്ട്. കേസ് തീരുന്നതുവരെ പകരം ഉദ്യോഗസ്ഥരെ നിയമിക്കാമെങ്കിലും അതിനും സര്‍ക്കാര്‍ തയാറായിട്ടില്ല.
വകുപ്പ് മേധാവിമാരുടെ പദവിയിൽ ആളില്ലാതെ വരുമ്പോൾ ഓഫിസിൽ അസിസ്റ്റന്റ് പോസ്റ്റിലുള്ളവർക്ക് ചുമതല കൈമാറുകയോ അല്ലെങ്കിൽ അയൽ ജില്ലകളിലെ മേധാവിമാർക്ക് അധികചുമതല നൽകുകയോ പകരം മറ്റാരെയെങ്കിലും താൽക്കാലികമായി നിയമിക്കുകയോയാണ് പതിവ്. ഇതിനൊന്നും സർക്കാർ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

