ഫാം ടൂറിസം പദ്ധതിക്ക് ഫണ്ടില്ല, ഉദ്യോഗസ്ഥക്ക് വിമർശനം
text_fieldsrepresentational image
കോഴിക്കോട്: ജില്ല പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ ഫാം ടൂറിസം പദ്ധതിക്ക് വേണ്ടി ഫണ്ട് വകയിരുത്താത്തതിൽ ജില്ല പഞ്ചായത്ത് യോഗത്തിൽ വിമർശനം. 2023-24 വർഷത്തിലെ പദ്ധതി നിർദേശത്തിൽ ഫണ്ട് വകയിരുത്താത്തത് ശരിയല്ലെന്ന വിമർശനം ബോസ് ജേക്കബാണ് ഉന്നയിച്ചത്. കർഷകർക്ക് ഇതിനുവേണ്ടി പണം വേണ്ടെന്നതിനാലാണ് ഫണ്ട് വകയിരുത്താത്തതെന്ന വിശദീകരണം കൂടുതൽ ബഹളത്തിനിടയാക്കി. ഫാം ടൂറിസത്തിനായി എത്ര ഫണ്ട് കിട്ടിയാലും സ്വീകരിക്കാൻ കർഷകർ തയാറാണ്. എന്നിട്ടും എന്തുകൊണ്ടാണ് കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ വിശദീകരണം ഉണ്ടായതെന്ന് യോഗത്തിൽ ചോദ്യമുയർന്നു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ടൂറിസം, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മൂന്നുമാസം മുമ്പ് യോഗം ചേർന്ന് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാഫ്റ്റിനെ (കോഴിക്കോട് അഗ്രികൾച്ചറൽ ഫാം ടൂറിസം) രൂപരേഖ തയാറാക്കാൻ ഏൽപിച്ചിരുന്നു. അക്കാര്യത്തിൽ കാഫ്റ്റ് ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ബോസ് ജേക്കബിന്റെ വിമർശനം.
എന്നാൽ, കഴിഞ്ഞ തവണ നൂതന പദ്ധതിയായി ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതി വീണ്ടും ഉൾപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബീന നായരുടെ മറുപടി. സ്ഥലംമാറ്റം ലഭിച്ചു വന്നതിനാൽ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയില്ലെന്ന മറുപടിയും ഭരണ-പ്രതിപക്ഷ ഭേദമെന്യേ വിമർശനത്തിന് ഇടയാക്കി.
യോഗത്തിൽ തീരുമാനിച്ച കാര്യം വേഗത്തിൽ നടപ്പാക്കണമെന്നും ജനുവരി അവസാനത്തോടെ പദ്ധതിക്ക് തുടർച്ചയുണ്ടാകണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്യോഗസ്ഥക്ക് കർശന നിർദേശം നൽകി. വൈസ് പ്രസിഡന്റ് പി. ഗവാസും വിഷയത്തിൽ വിമർശനം ഉന്നയിച്ചു.
പഠനമുറി
പട്ടികജാതി വിഭാഗത്തിലെ ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർഥികൾക്ക് പഠനമുറി അനുവദിക്കുന്നത് സംബന്ധിച്ച് അപേക്ഷകൾ കുറവായതിനാൽ ഒരു പഞ്ചായത്തിൽ ഒരു വിദ്യാർഥി എന്ന മാനദണ്ഡം പാലിക്കാതെ യോഗ്യരായ എല്ലാ വിദ്യാർഥികൾക്കും പഠനമുറി അനുവദിക്കാൻ യോഗം തീരുമാനിച്ചു. ധാരാളം അപേക്ഷകൾ വന്നിരുന്നുവെങ്കിലും ബ്ലോക്ക് പഞ്ചായത്തിന്റെ പരിശോധനയിൽ അപേക്ഷകരിൽ പലരും യോഗ്യരല്ലെന്ന് കണ്ടെത്തിയതിനാലാണ് അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ടായതെന്ന് നിർവഹണ ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
ഫോട്ടോ ഫിനിഷ്
ഒമ്പതു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ജില്ല പഞ്ചായത്ത് നടപ്പാക്കിയ ഫോട്ടോ ഫിനിഷ് പരിപാടിയിൽ വേണ്ടത്ര വിദ്യാർഥികളെ പങ്കെടുപ്പിക്കാനായില്ലെന്ന് വിമർശനമുയർന്നു. തിരുവമ്പാടി പഞ്ചായത്തിൽ നടന്ന ഫോട്ടോ ഫിനിഷിൽ വെറും 11 കുട്ടികളാണ് പങ്കെടുത്തതെന്നായിരുന്നു വിമർശനം. 13 ഇടങ്ങളിലായി നടന്ന പരിപാടിയിൽ ആകെ 700 കുട്ടികൾ പങ്കെടുത്തിരുന്നു. തിരുവമ്പാടി പഞ്ചായത്തിൽ 130 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, അവധി ദിവസമല്ലാത്തതിനാലാണ് പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും വിദ്യാഭ്യാസ കോഓഡിനേറ്റർ പ്രവീൺകുമാർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

