സി.എൻ.ജി ഫില്ലിങ് സ്റ്റേഷനില്ല; തൊഴിലാളികൾ പ്രതിസന്ധിയിൽ
text_fieldsനാദാപുരം: വടകര താലൂക്കിലെ സി.എൻ.ജി ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലേക്ക്. പ്രകൃതിസൗഹൃദത്തിന്റെ ഭാഗമായി സി.എൻ.ജി വാഹനങ്ങൾ വാങ്ങിയവരാണ് വെട്ടിലായിരിക്കുന്നത്. ആവശ്യത്തിന് ഇന്ധനം ലഭിക്കാതെ സർവിസ് നടത്താൻ ഇവർക്ക് കഴിയുന്നില്ല. കുറ്റ്യാടിയിലും പയ്യോളിയിലും മാത്രമാണ് ഇപ്പോൾ സി.എൻ.ജി ഫില്ലിങ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഈ ശൃംഖലയിലെ വാഹനങ്ങൾ ദിവസവും വർധിക്കുമ്പോഴും ഒരു പമ്പുപോലും പുതുതായി വന്നിട്ടില്ല. നാദാപുരത്തുനിന്ന് പയ്യോളിയിൽ എത്തിയാണ് നിലവിൽ ഇന്ധനം സംഘടിപ്പിക്കുന്നത്.
ഹൈവേ വികസനത്തിന്റെ ഭാഗമായി റോഡുപണി നടക്കുന്നതിനാൽ മൂരാട് ഭാഗത്ത് ഗതാഗത നിയന്ത്രണമാണ്. ഇതേത്തുടർന്ന് പയ്യോളി വരെ പോയി ഇന്ധനം നിറക്കൽ നാദാപുരം മേഖലയിലുള്ള ഓട്ടോ ഡ്രൈവർമാർക്ക് വൻ ദുരിതമായിരിക്കുകയാണ്. വട്ടോളി അമ്പലക്കുളങ്ങരയിലെ പെട്രോൾ പമ്പിൽ സി.എൻ.ജി വിതരണ കേന്ദ്രത്തിന്റെ പണി പൂർത്തിയായിട്ട് മാസങ്ങളായി. എന്നിട്ടും പെസോ ലൈസൻസ് നൽകാത്തതിനാൽ പ്രവർത്തനസജ്ജമായിട്ടില്ല.
അതിനാൽ ബന്ധപ്പെട്ടവർ പെസോവിൽ സമ്മർദം ചെലുത്തി പമ്പ് പ്രവർത്തനസജ്ജമാക്കണമെന്ന് സി.എൻ.ജി ഓട്ടോ കൂട്ടായ്മ കൺവീനർ പ്രദീപ് അരൂർ, ചെയർമാൻ ഇസ്മയിൽ വടകര എന്നിവർ ആവശ്യപ്പെട്ടു.
ഇന്ധന പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ബാങ്ക് വായ്പയെടുത്തും മറ്റും സ്വയംതൊഴിൽ കണ്ടെത്താൻ വാഹനം നിരത്തിലിറക്കിയവർ പട്ടിണിയിലാകുമെന്ന് തൊഴിലാളികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

