Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൻകിട പദ്ധതികളില്ല;...

വൻകിട പദ്ധതികളില്ല; കോഴിക്കോടിന് നിരാശ

text_fields
bookmark_border
വൻകിട പദ്ധതികളില്ല; കോഴിക്കോടിന് നിരാശ
cancel

കോഴിക്കോട്: മൂന്നു മന്ത്രിമാരടക്കം ഭരണപക്ഷത്തെ പ്രമുഖർ പ്രതിനിധാനംചെയ്യുന്ന കോഴിക്കോടിന് ഇത്തവണയും അവഗണന. കഴിഞ്ഞവർഷം ജനുവരിയിൽ തോമസ് ഐസക് അവതരിപ്പിച്ച ഇടക്കാല ബജറ്റിലും ജൂണിൽ കെ.എൻ. ബാലഗോപാലിന്റെ പൂർണ ബജറ്റിലും ജില്ലയുടെ ആവശ്യങ്ങളൊന്നും നിറവേറ്റിയിരുന്നില്ല. കാർഷിക, വ്യവസായിക, വ്യാപാര, ടൂറിസം മേഖലകളിൽ പ്രധാന പദ്ധതികളൊന്നും ജില്ലക്ക് അനുവദിച്ചിട്ടില്ല.

പുതിയ തൊഴിലവസരങ്ങളുണ്ടാക്കുന്ന പദ്ധതികൾ ധനമന്ത്രി കനിഞ്ഞിട്ടില്ല. മലബാറിന്റെ പ്രധാന ചികിത്സകേന്ദ്രമായ ഗവ. മെഡിക്കൽ കോളജിനും ഒന്നും ലഭിച്ചില്ല. ഗവ. സൈബർ വികസനത്തിനായി 12.83 കോടി രൂപ മാത്രമാണ് അനുവദിച്ചത്. കണ്ണൂരിൽ പുതിയ ഐ.ടി പാർക്ക് ആരംഭിക്കുന്നതിനാണ് സർക്കാർ ബജറ്റിൽ മുന്തിയ പരിഗണന നൽകിയത്. സൈബർ പാർക്കിനെയും കണ്ണൂരിലെ പാർക്കിനെയും ബന്ധിപ്പിക്കുന്ന ഐ.ടി കോറിഡോറും ഇതിന്റെ ഭാഗമാണ്.

സംസ്ഥാനത്ത് നാല് സയൻസ് പാർക്കുകൾ തുടങ്ങുന്നതിലും കോഴിക്കോടിനെ പരിഗണിച്ചിട്ടില്ല. ജില്ല വ്യവസായ കേന്ദ്രത്തിനു സമീപം വ്യവസായ യൂനിറ്റുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ഇൻകുബേറ്ററുകൾക്കുമായി രണ്ടര കോടി മാത്രമാണുള്ളത്.

വേളത്തെ നാളികേര പാർക്ക് ജില്ലയിലെ കർഷകർ കാത്തിരിക്കുന്നതായിരുന്നു. എന്നാൽ, നാളികേര വികസനത്തിന് 73 കോടി സംസ്ഥാനമാകെ അനുവദിക്കുന്നുവെന്നല്ലാതെ മറ്റ് പരാമർശങ്ങളില്ല. കൊപ്ര, തേങ്ങ സംഭരണത്തിന് തുക നീക്കിവെച്ചോയെന്നും വ്യക്തമല്ല. അതേസമയം, വന്യജീവികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് 25 കോടി അനുവദിച്ചത് ജില്ലയിലെ മലയോരവാസികൾക്ക് ആശ്വാസമാണ്. നഷ്ടപരിഹാരത്തിനടക്കം ഈ തുക ചെലവഴിക്കും.

ആശ്വാസം ബേപ്പൂർ തുറമുഖം

ബേപ്പൂർ തുറമുഖത്തിന് 15 കോടി അനുവദിച്ചതാണ് കോഴിക്കോടിന് കിട്ടിയ പ്രധാന സമ്മാനം. ചെറിയ തുകയാണെങ്കിലും 15 കോടി തുറമുഖത്തിന്റ വികസനത്തിന്‌ തുടക്കം കുറിക്കും. പുതുതായി ഏറ്റെടുത്ത കോവിലകം ഭൂമിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഗോഡൗൺ നിർമിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുക. നിലവിൽ തുറമുഖത്ത് എത്തുന്ന ടൺകണക്കിന് ചരക്ക് വാർഫുകളിൽ സംഭരിക്കുകയാണ് ചെയ്യുന്നത്. ഇതിന് നിരക്കും ഈടാക്കുന്നുണ്ട്. ചരക്കുകൾ ഗോഡൗണിലേക്ക് മാറ്റാൻ കഴിയുന്നതോടെ വാർഫുകളിൽ സൂക്ഷിക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാകും.

ഏറെക്കാലത്തെ ആവശ്യമായ പുതിയ വാർഫ് നിർമാണത്തിനും ബജറ്റിൽ വകയിരുത്തിയ തുക ലഭിക്കുന്നതോടെ തുടക്കം കുറിക്കാൻ കഴിയും. ബേപ്പൂർ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാറിന്റെ സാഗർ മാല പദ്ധതി വഴി കൂടുതൽ തുക കിട്ടിയാലേ ചരക്കുനീക്കത്തിലും യാത്രക്കാരുടെ എണ്ണത്തിലും രണ്ടാമതുള്ള ബേപ്പൂരിൽ വികസനം പൂർണമാകൂ.

ബേപ്പൂരിനെ ചെറു കപ്പൽ (ക്രൂയിസ് ) ടൂറിസത്തിനായും ധനമന്ത്രി പരിഗണിച്ചിട്ടുണ്ട്. കോവളം, കൊല്ലം, കൊച്ചി, മംഗലാപുരം, ഗോവ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള ക്രൂയിസ് ടൂറിസത്തിനാണ് ബേപ്പൂരിനെയും തിരഞ്ഞെടുത്തത്. മൊത്തം അഞ്ചു കോടിയാണ് നീക്കിവെച്ചത്. കോഴിക്കോട്ടെ ആർട്ട് ഗാലറി, വി.കെ. കൃഷ്ണമേനോൻ മ്യൂസിയം, ആദിവാസി മ്യൂസിയം എന്നിവക്കും തുകയുണ്ട്.

സമഗ്ര മാറ്റത്തിന് വഴിവെക്കുന്ന ബജറ്റ് -മന്ത്രി റിയാസ്

കോഴിക്കോട്: പരിമിതികൾക്കുള്ളിൽനിന്ന് സമഗ്ര മാറ്റത്തിന് വഴിതുറക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. വിവിധ റോഡുകളുടെ വികസനത്തിനായി വിശദ പദ്ധതി രേഖ തയാറാക്കാൻ തുക വകയിരുത്തിയത് റോഡുകളുടെ വികസനത്തിന്റെ വേഗം വർധിപ്പിക്കും. കോഴിക്കോട്-കണ്ണൂർ ഐ.ടി ഇടനാഴിയുടെ ഭാഗമായുള്ള ഗതാഗത സൗകര്യ വികസനവും ഈ മേഖലയിൽ കോഴിക്കോടിനെ സംബന്ധിച്ച് വലിയ വികസനത്തിന് കാരണമാകും.

സ്റ്റാർട്ടപ്പ്, ഇൻകുബേഷൻ സെന്‍റർ എന്നിവ ആരംഭിക്കുന്നതിന് സർവകലാശാലകൾക്ക് തുക അനുവദിച്ചതിന്റെ ഭാഗമായി കോഴിക്കോട് സർവകലാശാലക്ക് 20 കോടി രൂപ വകയിരുത്തി. സൈബർ പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 12.83 കോടി രൂപയും ജില്ല വ്യവസായ കേന്ദ്രത്തിനു സമീപം വ്യവസായ യൂനിറ്റുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ഇൻകുബേറ്ററുകൾക്കുമായി രണ്ടര കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിനായി പതിനഞ്ചു കോടിയും നീക്കിവെച്ചിട്ടുണ്ട്. ആർട്ട് ഗാലറിയുടെയും കൃഷ്ണമേനോൻ മ്യൂസിയത്തിന്‍റെയും നവീകരണത്തിന് 28.6 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കിർത്താഡ്‌സ് വഴി നടപ്പാക്കുന്ന പദ്ധതിക്ക് 53.33 ലക്ഷം രൂപയും നീക്കിവെച്ചു.

ഇവിടെ ഒന്നും കിട്ടിയില്ല

കെ-റെയിൽ യാഥാർഥ്യമാക്കാൻ പരിശ്രമിക്കുന്ന സർക്കാർ കോഴിക്കോട്ടെ ലൈറ്റ് മെട്രോ പദ്ധതിയെ ഇത്തവണ പൂർണമായും മറന്നു. പുതുക്കിയ മാനദണ്ഡങ്ങളോടെയുള്ള വിശദ പദ്ധതി രേഖ (ഡി.പി. ആർ) തയാറാക്കുമെന്ന് ഇടക്കാല ബജറ്റിൽ തോമസ് ഐസക് പറഞ്ഞിരുന്നു. ബാലഗോപാൽ ലൈറ്റ് മെട്രോയെ പരാമർശിച്ചതേയില്ല.

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിനെക്കുറിച്ചും പ്രസംഗത്തിലില്ല. അതേസമയം, നഗരത്തിലെ റോഡ് വികസനത്തിന്റെ ഡി.പി.ആർ തയാറാക്കാൻ അഞ്ചു കോടി അനുവദിച്ചു. കൊച്ചിക്കും കോഴിക്കോടിനുമായാണ് അഞ്ചു കോടി. മലാപ്പറമ്പിലെ മൊബിലിറ്റി ഹബ്, എരഞ്ഞിപ്പാലം മേൽപാലം, മാവൂരിലെ പുതിയ വ്യവസായ പദ്ധതികൾ എന്നിവയൊന്നും പരിഗണിച്ചില്ല. ചിലയിടങ്ങളിൽ ജനപ്രതിനിധികൾ മന്ത്രിക്കു മുന്നിൽ കാര്യങ്ങൾ അവതരിപ്പിച്ചില്ലെന്നും ആക്ഷേപമുണ്ട്. സാംസ്കാരിക രംഗത്ത് പ്രത്യേക പദ്ധതികളുടെ പ്രഖ്യാപനവുമുണ്ടായില്ല. മുൻ വർഷങ്ങളിലെ ചില വാഗ്ദാനങ്ങൾ നടപ്പാക്കിയിട്ടുമില്ല.

ഗസൽ ഗായകൻ ഉമ്പായിയുടെ പേരിൽ അക്കാദമി സ്ഥാപിക്കാൻ രണ്ടു വർഷം മുമ്പുള്ള ബജറ്റിൽ 50 ലക്ഷം അനുവദിച്ചെങ്കിലും നടപടികളായിട്ടില്ല. ബേപ്പൂരിനെ ലിറ്റററി ടൂറിസം സർക്യൂട്ടിൽ കഴിഞ വർഷം ഉൾപ്പെടുത്തിയതും യാഥാർഥ്യമായിട്ടില്ല.

ബജറ്റിലില്ലാതെ മെഡിക്കൽ കോളജ്

കോഴിക്കോട്: സംസ്ഥാന സർക്കാറിന്‍റെ രണ്ടാം ബജറ്റ് കോഴിക്കോട് മെഡിക്കൽ കോളജിന് നിരാശയുടേതാണ്. കോവിഡ് അടക്കം മഹാമാരികൾ നിരന്തരം നേരിടേണ്ടി വന്ന മലബാറിന്‍റെ പ്രധാന ആശുപത്രി എന്നനിലയിൽ കോഴിക്കോട് മെഡിക്കൽ കോളജിന് പ്രാതിനിധ്യം ലഭിക്കുമെന്ന് കരുതിയെങ്കിലും നിരാശയാണ് ഫലം. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെയും തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയുടെയും വികസനത്തിനായി പ്രഖ്യാപിച്ച 250.7 കോടി രൂപ മാത്രമാണ് എന്തെങ്കിലും കിട്ടി എന്നു പറയാനായിട്ടുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജിന്‍റെ പ്രത്യേക ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിക്കപ്പെട്ടില്ല.

കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തിൽ ഓക്സിജനുവേണ്ടിയുള്ള നെട്ടോട്ടമാണ് ഉണ്ടായിരുന്നത്. കോവിഡാനന്തരമുള്ള ബജറ്റിൽ, ഓക്സിജൻ പ്ലാന്‍റ് ഒരുക്കാൻവേണ്ട സഹായം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഐസൊലേഷൻ ബ്ലോക്കിന് കൂടുതൽ തുക ഈ ബജറ്റിൽ നീക്കിയിരിക്കും എന്നു പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ഐസൊലേഷൻ ബ്ലോക്കിനായി മെഡിക്കൽ കോളജ് അധികൃതർ സ്ഥലം കണ്ടെത്തി പ്ലാൻ സമർപ്പിച്ചുകഴിഞ്ഞു. എച്ച്.എൽ.എൽ ആണ് നടത്തിപ്പുകാർ. മറ്റു നടപടികൾ നടന്നുവരുന്നു. 25 കോടിയാണ് ആദ്യ ബജറ്റ് വിഹിതം. അത് ബ്ലോക്കിന്‍റെ കെട്ടിടനിർമാണത്തിന് മാത്രമേ തികയൂവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഓരോ ബജറ്റിലും തുക മാറ്റിവെക്കുകയാണെങ്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐസൊലേഷൻ ബ്ലോക്കുതന്നെ നിർമിക്കാനാകുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എല്ലാക്കാലവും മെഡിക്കൽ കോളജിന് തലവേദനയായ മാലിന്യപ്രശ്നത്തിന് പരിഹാരമാകുന്ന തരത്തിൽ ഇൻസിനറേറ്റർ എന്ന പ്രതീക്ഷയും ബജറ്റ് പരിഗണിച്ചില്ല.

അർബുദം മുഖ്യവിഷയമാണെന്നും പ്രതിരോധം പ്രധാനമാണെന്നും വ്യക്തമാക്കിയ ബജറ്റിൽ പക്ഷേ, സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ മെഡിക്കൽ കോളജിനെ പരിഗണിച്ചില്ല. നിരവധി അർബുദരോഗികൾ മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നുണ്ട്. എന്നാൽ ഹെമറ്റോളജി, ഓങ്കോളജി വകുപ്പുകൾ മെഡിക്കൽ കോളജിലില്ല. ഒരു ഡോക്ടറാണ് ഈ വിഭാഗങ്ങൾക്കായുള്ളത്. ഓരോ വിഭാഗത്തിനും വകുപ്പുകൾ അംഗീകരിച്ച് കൂടുതൽ ഡോക്ടർമാരെയും അനുവദിച്ച് നൽകണമെന്ന കാലങ്ങളായുള്ള ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. ത്രിതല അർബുദ സെന്‍ററുണ്ടെങ്കിലും പൂർണാർഥത്തിൽ പ്രവർത്തന ക്ഷമമായിട്ടില്ല. അതിനും സഹായം ബജറ്റിൽ ഉണ്ടായില്ല. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ജീവനക്കാരുടെ രൂക്ഷക്ഷാമമാണ് മെഡിക്കൽ കോളജ് നേരിടുന്നതെങ്കിലും കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടിയും ഇല്ല.

മെഡിക്കൽ കോളജിന്‍റെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ ഉൾക്കൊള്ളിച്ചുകൊണ്ട് തയാറാക്കിയ മാസ്റ്റർ പ്ലാനിനും ബജറ്റിൽ നീക്കിയിരിപ്പില്ല. നേരത്തേ, മാസ്റ്റർ പ്ലാൻ പ്രകാരം നിർമിക്കുന്ന ഒ.പി ബ്ലോക്ക് കെട്ടിടത്തിന് 290 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു.

കിഫ്ബിയിൽനിന്ന് ഫണ്ട് അനുവദിക്കുമെന്നാണ് അറിയിച്ചത്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകൾക്കുമായി ഈ ബജറ്റിൽ അനുവദിച്ച 250 കോടി രൂപയുടെ വിഹിതം ഒ.പി ബ്ലോക്കിനു വേണ്ടിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ബജറ്റിൽ സമ്മിശ്ര പ്രതികരണം

കോഴിക്കോട്: രണ്ടാം പിണറായി സർക്കാറിന്‍റെ രണ്ടാം ബജറ്റിന് സമ്മിശ്ര പ്രതികരണം. പ്രതീക്ഷ നൽകുന്ന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മലബാറിന് വേണ്ടത്ര ലഭ്യമായില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഗതാഗത -വ്യാപാര മേഖലയെ കൈവിട്ട ബജറ്റിൽ ആരോഗ്യമേഖലക്ക് നീക്കിയിരിപ്പുണ്ടെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിന് പ്രത്യേക നീക്കിയിരിപ്പ് ഇല്ല.

ബജറ്റ് സ്വാഗതാർഹമെന്ന് വിവിധ സംഘടനകൾ

കോഴിക്കോട്: സംസ്ഥാന ബജറ്റ് സ്വാഗതാർഹമെന്ന് മലബാർ ഡെവലപ്മെന്‍റ് കൗൺസിലിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്ന വിവിധ സംഘടനകൾ വിലയിരുത്തി. അതേസമയം, കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് തുക വകയിരുത്താത്തത് ഖേദകരമാണ്. ഭൂമിയുടെ ന്യായവില വർധിപ്പിച്ചതും മോട്ടോർ ബൈക്കിന് ഒരു ശതമാനം നികുതി വർധിപ്പിച്ചതും ഹരിതനികുതി വർധിപ്പിച്ചതുമൊഴികെ വ്യാപകമായ നികുതി വർധന ഇല്ലാത്തത് ആശ്വാസകരമായി. കാർഷിക-ആരോഗ്യ-വിദ്യാഭ്യാസ-ഗതാഗത-ടൂറിസം-കലാ-കായിക-ഐ.ടി-വ്യവസായ-തുറമുഖ മേഖലയിലെല്ലാം പ്രതീക്ഷ നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്. അതേസമയം, അതിന്‍റെ വിഭവസമാഹരണത്തിന് കിഫ്ബിയെ ആശ്രയിക്കുമ്പോൾ പദ്ധതികൾ എത്രത്തോളം പൂർത്തീകരിക്കാൻ കഴിയുമെന്നതിൽ ആശങ്കയുണ്ട്. അതോെടാപ്പം യുക്രെയ്നിൽനിന്ന് തിരിച്ചുവന്ന വിദ്യാർഥികളുടെ പഠനഭാവി സംബന്ധിച്ച് നോർക്ക സെല്ലുണ്ടാക്കി നടപടി സ്വീകരിക്കുമെന്നത് നല്ലൊരു പ്രഖ്യാപനമാണ്. അതേസമയം, പ്രവാസികൾക്ക് ഗുണകരമായ പ്രഖ്യാപനങ്ങൾ ഒന്നും ബജറ്റിൽ ഇല്ല എന്നത് പോരായ്മയാണ്. കുടിശ്ശിക പിരിവിന്‍റെ പേരിൽ വ്യാപാരികളെ ജി.എസ്.ടി വകുപ്പ് പീഡിപ്പിക്കുമെന്ന ആശങ്കയും യോഗത്തിൽ ഉയർന്നുവന്നു.

മലബാർ ഡെവലപ്മെന്‍റ് കൗൺസിൽ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി, ട്രഷറർ എം.വി. കുഞ്ഞാമു, വയനാട് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, സെക്രട്ടറി ഇ.പി. മോഹൻദാസ്, അഖിലേന്ത്യ ആയുർവേദ സോപ്പ് നിർമാണ അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീകല മോഹൻ, കേരളത്തിലെ രാജസ്ഥാൻ വ്യാപാരികളെ പ്രതിനിധാനംചെയ്ത് രാംദേവ് മംഗൾ സിങ്, വിദ്യാഭ്യാസ ഉപഭോക്തൃ സമിതി പ്രസിഡന്റ് പി.ഐ. അജയൻ, സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി. ഹാഷിം, സെക്രട്ടറി കെ. സലീം, സിറ്റി മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ഐ. അഷ്റഫ്, സെക്രട്ടറി എം.എൻ. ഉല്ലാസൻ, ഡിസ്ട്രിക്ട് മർച്ചൻറ്സ് അസോസിയേഷൻ സെക്രട്ടറി സി.വി. ജോസി, കുന്നോത്ത് അബൂബക്കർ, ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ നിയമോപദേഷ്ടാവ് അഡ്വക്കറ്റ് എം.കെ. അയ്യപ്പൻ, ജനറൽ സെക്രട്ടറി സി.സി. മനോജ് എന്നിവർ പങ്കെടുത്തു. എം. അബ്ദുൽ റസാഖ് സ്വാഗതവും കെ. ഹമീദ് നന്ദിയും പറഞ്ഞു.

വ്യാപാരമേഖലയെ അവഗണിച്ചു -വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: വ്യാപാരികൾക്ക് ഗുണമില്ലാത്ത ബജറ്റാണ് മന്ത്രി കെ.എൻ. ബാലഗോപാലൻ അവതരിപ്പിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്‍റും സംസ്ഥാന പ്രവർത്തകസമിതിയംഗവുമായ അഷ്റഫ് മൂത്തേടത്ത്. നിപക്കും കോവിഡിനുമെല്ലാം ശേഷം വ്യാപാരികൾ പിച്ചവെച്ചു തുടങ്ങുകയാണ്. ചെറിയ സഹായം ലഭിച്ചാൽ പിടിച്ചുകയറാൻ സാധിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ. എന്നാൽ, അതിന് സഹായിക്കുന്ന രാസത്വരകമായി പോലും പദ്ധതികളോ നീക്കിയിരിപ്പോ ഉണ്ടായില്ല. മേഖലയെയാകെ അവഗണിച്ചത് നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

നിരാശജനകം -ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

കോഴിക്കോട്: സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങളൊന്നുംതന്നെ പരിഗണിക്കാതിരുന്ന ബജറ്റ് നിരാശജനകമാണെന്ന് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ. സ്റ്റേജ് ഗാരേജ് സർവിസ് നടത്തുന്ന സ്വകാര്യബസുകളുടെ റോഡ് ടാക്സിലും സ്റ്റേജ് ഗാരേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിന്‍റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കണമെന്ന് ഓർഗനൈസേഷൻ മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് പരാമർശംപോലുമില്ലാത്തത് നിരാശപ്പെടുത്തി. ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർധന വരുത്തുന്നതും പ്രതിഷേധാർഹമാണെന്ന് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണൻ പറഞ്ഞു.

സംരംഭക വര്‍ഷം ആചരിക്കുന്നത് സാമ്പത്തിക രംഗത്തിന് ഉണർവേകും -വി.കെ.സി. റസാഖ്

കോഴിക്കോട്: 'എന്‍റെ സംരംഭം നാടിന്‍റെ അഭിമാനം' മുദ്രാവാക്യവുമായി 2022-23 സംരംഭക വര്‍ഷമായി ആചരിക്കുന്നത് കോവിഡ് മൂലം പ്രതിസന്ധി നേരിട്ട സാമ്പത്തിക രംഗത്തിന് ഉണര്‍വേകാന്‍ സഹായിക്കും. അയൽപക്ക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വി.കെ.സി ഗ്രൂപ് അവതരിപ്പിച്ച ഷോപ് ലോക്കല്‍ പ്രചാരണവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ പദ്ധതി. കൂടാതെ, ചെറുകിട സംരംഭങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന സാമ്പത്തിക പിന്തുണയും സ്വാഗതാര്‍ഹമാണ്. ഇന്ത്യയിലെ പ്രധാന പാദരക്ഷ ഉൽപാദന കേന്ദ്രങ്ങളില്‍ ഒന്നായ കേരളത്തിലെ അസംഘടിത പാദരക്ഷ സംരംഭകര്‍ക്കും ഈ പദ്ധതികള്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് വി.കെ.സി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ വി.കെ.സി റസാഖ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budget 2022kozhikode News
News Summary - No big plans; Disappointment for Kozhikode
Next Story