ബാരിക്കേഡില്ല; എരഞ്ഞിപ്പാലത്ത് റിബൺ കെട്ടി ‘സുരക്ഷ’
text_fieldsഎരഞ്ഞിപ്പാലത്ത് റോഡിലെ ഓടയിൽ വീഴാതിരിക്കാൻ റിബൺ കെട്ടിയിരിക്കുന്നു
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സ്‌കൂട്ടർ മറിഞ്ഞ് യാത്രികൻ ഓടയിലേക്ക് വീണ് പരിക്കേറ്റ സ്ഥലത്ത് റിബൺ കെട്ടി ‘സുരക്ഷ’. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിൽ നിർമാണം നടക്കുന്ന ഓടയോട് ചേർന്നാണ് റിബണും മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ച് നിർമാണ കമ്പനി പേരിന് സുരക്ഷയൊരുക്കിയത്. യാത്രക്കാരുടെ ജീവന് വില കൽപ്പിക്കാതെയും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാതെയുമാണ് റോഡ് നിർമാണമെന്ന് കരാറുകാർക്കെതിരെ പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് റിബൺ കെട്ടി സുരക്ഷ.
അപകടം തടയാൻ ഇത് പര്യാപ്തമല്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. സുരക്ഷ ബാരിക്കേഡുകളാണ് ഇവിടെ സ്ഥാപിക്കേണ്ടതെനനും റിബണുകൾ കെട്ടി സൂചനാമുന്നറിയിപ്പ് നൽകുന്നതിലൂടെ അപകടം തടയാനാവില്ലെന്നും നാട്ടുകാർ പറഞ്ഞു. നിർമാണം നടക്കുന്ന റോഡിൽ റിഫ്ലക്ടറുകളോ മറ്റ് അടയാളങ്ങളോ ഇല്ലാത്തത് രാത്രിയിൽ അപകടസാധ്യത വർധിപ്പിക്കുന്നു. ഓട കാണാൻ പോലും പറ്റാത്തത്ര ഇരുട്ടാണ് റോഡിൽ. കാൽനടയാത്രക്കാർക്കും അപകടസാധ്യതയുണ്ട്.
അതേസമയം ഒപ്റ്റിക്കൽ ഫൈബർ കേബ്ളുകൾ (ഒ.എഫ്.സി) ഉൾപ്പെടെ ഓടയോട് ചേർന്ന് സ്ഥാപിച്ച ശേഷം മാത്രമേ ഇവിടെ സ്ലാബിട്ട് മൂടാൻ കഴിയുകയുള്ളൂവെന്നാണ് കരാറുകാർ പറയുന്നത്. എരഞ്ഞിപ്പാലം ജങ്ഷനടുത്താണ് സ്‌കൂട്ടർ യാത്രികനായ ഒളവണ്ണ സ്വദേശി നിസാർ ഓടയിലേക്ക് തലകുത്തി വീണത്. ഭാഗ്യംകൊണ്ട് മാത്രമാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ബോധ്യപ്പെടുത്തുന്നു. റോഡിലെ പൊടിപടലങ്ങളും നിർമാണ അവശിഷ്ടങ്ങളും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

