അപ്രോച്ച് റോഡില്ല; കോടികൾ മുടക്കിയ കൊയമ്പ്രത്തുകണ്ടി കടവ് പാലം കാഴ്ചവസ്തു
text_fieldsഅപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ പാലത്തിലേക്ക് യാത്ര ചെയ്യാനായി നാട്ടുകാർ സ്ഥാപിച്ച കോണി
നടുവണ്ണൂർ: നടുവണ്ണൂർ പഞ്ചായത്തിലെ അയനിക്കാട് തുരുത്ത് നിവാസികളുടെ നീണ്ട കാലത്തെ സ്വപ്നമായിരുന്നു രാമൻ പുഴയ്ക്ക് കുറുകെ ഒരു പാലം. എന്നാൽ കോടികൾ മുടക്കി കൊയമ്പ്രത്ത്കണ്ടി കടവിൽ പാലം പണിതെങ്കിലും അപ്രോച്ച് റോഡിന് സ്ഥലം വിട്ടുനൽകാൻ അയനിക്കാട് പ്രദേശത്തെ സ്വകാര്യ വ്യക്തികളിൽ ചിലർ മടി കാണിക്കുന്നത് ഗതാഗതസൗകര്യത്തിന് തടസ്സമാകുന്നു.
നടുവണ്ണൂർ, ഉള്ള്യേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് കൊയമ്പ്രത്തുകണ്ടി പാലം. 59.4 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ള പാലത്തിന്റെ പണി പൂർത്തിയായിട്ടുണ്ട്. മൂന്നു ഭാഗവും പുഴയാൽ ചുറ്റപ്പെട്ട അയനിക്കാട് പ്രദേശത്തുള്ളവർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ നിലവിൽ റോഡ് സൗകര്യമില്ല. ഉള്ള്യേരി പഞ്ചായത്തിന്റെ ഭാഗത്ത് പാലത്തിനു സമീപം വരെ ടാറിട്ട റോഡുണ്ട്.
നടുവണ്ണൂർ പഞ്ചായത്തിന്റെ പരിധിയിൽ മന്ദങ്കാവ് മക്കാട്ട് താഴെ വരെ മാത്രമേ റോഡ് സൗകര്യമുള്ളൂ. മക്കാട്ടുതാഴെ കഴിഞ്ഞാൽ ചളിയും കാടും നിറഞ്ഞ ഇടവഴികളും വയൽ വരമ്പും താണ്ടി വേണം ആളുകൾക്ക് വഴി നടക്കാൻ. മഴ കനത്താൽ പ്രദേശം വെള്ളത്തിനടിയിലാകും. എല്ലാ വർഷവും മഴക്കാലത്ത് തുരുത്തിൽ താമസിക്കുന്നവരെ ബന്ധു വീട്ടിലേക്കോ പഞ്ചായത്ത് ഒരുക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറ്റുന്നത് പതിവാണ്.
14 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെയുള്ള കുട്ടികൾ പഠിക്കുന്നത് ഉള്ള്യേരി, നടുവണ്ണൂർ ഭാഗത്തെ സ്കൂളുകളിലാണ്. അയനിക്കാട് തുരുത്തിലെ ആളുകൾക്ക് ഉള്ള്യേരി ഭാഗത്തേക്കു പോകുന്നത് പുഴ കടക്കണം. സ്കൂൾ വിദ്യാർ ഥികൾ മഴക്കാലത്ത് സ്കൂളിലെത്താൻ ഏറെ പ്രയാസപ്പെട്ടിരുന്നു.കെ.എം.സച്ചിൻദേവ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കൊയമ്പ്രത്തു കണ്ടി പാലം നിർമാണത്തിന് 4.3 കോടി രൂപ അനുവദിക്കുകയുണ്ടായി.
2023ൽ ആരംഭിച്ച പാലം പണി ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഉള്ള്യേരി പഞ്ചായത്ത് പരിധിയിൽ അപ്രോ ച്ച് റോഡ് നിർമാണം നടക്കുന്നുണ്ട്. 80 മീറ്റർ നീളത്തിൽ ഇരുഭാഗവും കരിങ്കൽ ഭിത്തി നിർമിച്ചിരിക്കുന്നു. ഇത് മണ്ണിട്ട് ടാർചെയ്യുന്ന ജോലിയാണ് ബാക്കിയുള്ള പാലത്തിനക്കരെ നടുവണ്ണൂർ പഞ്ചായത്ത് പരിധിയിൽ നിലവിൽ റോഡില്ല. അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ കോണി വെച്ചു കയറിയാണ് ആളുകൾ പോകുന്നത്. ഈ ഭാഗത്ത് അപ്രോച്ച് റോഡിനു സ്വകാര്യ വ്യക്തികൾ സ്ഥലം അനുവദിച്ചിട്ടുണ്ട്.
റവന്യൂ വകുപ്പ് അതിനാവശ്യമായ അക്വിസിഷൻ നടപടികൾ നടത്തിയിട്ടുണ്ട്. അയനിക്കാട് തുരുത്തിൽ ശേഷിക്കുന്ന ഭാഗത്ത് റോഡില്ലാത്തത് പാലം പണിതതു കൊണ്ടുള്ള പ്രയോജനം നാട്ടുകാർക്കു കിട്ടാത്ത അവസ്ഥയാണ്. കുറച്ചുദിവസം മുമ്പ് ബൈക്ക് ആക്സിഡന്റിൽ പരിക്കേറ്റ ആളെ തോണിയിൽ കയറ്റി അക്കരെ എത്തിക്കുകയും പിന്നീട് ആംബുലൻസിലേക്ക് മാറ്റുകയുമായിരുന്നു.
വലിയ പ്രയാസമാണ് ശരിയായ ഗതാഗത സംവിധാനം ഇല്ലാത്തതിനാൽ തുരുത്ത് നിവാസികൾ അനുഭവിക്കുന്നത്. പ്രദേശത്തെ 11 ഓളം വ്യക്തികൾ റോഡിന് സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും കൂടുതൽ സ്ഥലം കൈവശമുള്ള 5 ഓളം വ്യക്തി കൾ റോഡിനു സ്ഥലം വിട്ടുനൽകുന്നതിനു സമ്മതം നൽകിയിട്ടില്ലെന്നും നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ പറഞ്ഞു. ഒരു കിലോമീറ്ററോളം ദൂരം അപ്രോച്ച് റോഡ് വേണം. സ്വകാര്യ വ്യക്തികളുടെ സ്ഥലം കിട്ടാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും സ്ഥലം കിട്ടിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് അപ്രോച്ച് റോഡ് സാധ്യമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

