നിവേദിന്റെ അപകട മരണം: ഒടുവിൽ പ്രതിയെ കണ്ടെത്തി
text_fieldsനിവേദ്
മേപ്പയൂര്‍: എരവട്ടൂരിൽ രണ്ടര മാസം മുമ്പ് യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തിൽ പ്രതിയെ മേപ്പയൂർ പൊലീസ് അറസ്റ്റു ചെയ്തു. കീഴ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദ് (നന്ദു - 22) ഓടിച്ച സ്കൂട്ടറിൽ ഇടിച്ച കാറിന്റെ ഉടമ കായണ്ണ കറുപ്പന്‍ വീട്ടില്‍ പ്രഭീഷിനെ (42)യാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വെള്ളനിറത്തിലുള്ള കെ.എല്‍. 01 എ.ഇ 284 മാരുതി കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടിച്ച സമയത്ത് കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. പ്രഭീഷിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മേയ് 21ന് രാത്രി 9.15 മണിയോടെയാണ് എരവട്ടൂര്‍ ചേനായി റോഡിന് സമീപം അപകടമുണ്ടായത്. പേരാമ്പ്ര ബാദുഷ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു നിവേദ്. ജോലി കഴിഞ്ഞ് ബൈക്കിൽ വരുന്ന നിവേദിനെയും കാല്‍നടക്കാരനായ ഗായകന്‍ എരവട്ടൂരിലെ മൊയ്തിനേയും ചെറുവണ്ണൂര്‍ ഭാഗത്തു നിന്നും പേരാമ്പ്രക്ക് വരുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ് തലക്ക് ഗുരുതരമായ പരിക്കേറ്റ നിവേദിനെയും കാലിന് പരിക്കേറ്റ മൊയ്തിനെയും രക്ഷിക്കാന്‍ കാർ ഉടമ തയാറായില്ല. അപകടമുണ്ടായ സ്ഥലത്തു നിന്നും 10 മീറ്റർ ദൂരത്തിൽ കാർ നിർത്തിയപ്പോൾ സ്കൂട്ടറിൽ വരുകയായിരുന്ന ഒരു സ്ത്രീ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറാവാതെ കാർ ഓടിച്ചു പോകുകയായിരുന്നു. പിന്നീട് ഇവർ നാട്ടുകാരെ വിളിച്ചുകൂട്ടിയാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിവേദ് 24ാം തീയതി രാത്രി മരണപ്പെടുകയായിരുന്നു. ആദ്യം പേരാമ്പ്ര പൊലീസ് ആണ് കേസന്വേഷിച്ചതെങ്കിലും പിന്നീട് മേപ്പയ്യൂർ പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷിയായ കുറ്റ്യാടി സ്വദേശി ഷീന വാർത്തകളിലൂടെ അറിഞ്ഞ് രണ്ടാഴ്ച്ച മുമ്പാണ് പൊലീസിൽ ഹാജരായി കണ്ട വിവരങ്ങൾ ധരിപ്പിച്ചത്. ഇത് അന്വേഷണത്തിന് സഹായകരമായി.
മേപ്പയൂര്‍ പൊലീസ് സി.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തിയത്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന നിവേദ് നാട്ടിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെല്ലാം സജീവമായിരുന്നു. നിവേദിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനേയും ഏറെ വേദനിപ്പിച്ചിരുന്നു. നേരത്തേ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നാണ് ബന്ധുക്കൾ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ഇടിച്ചിട്ട് നിർത്താതെ പോയ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

