എൻ.ഐ.ടി ബോയ്സ് മെഗാ ഹോസ്റ്റൽ ഉദ്ഘാടനം നാളെ
text_fieldsചാത്തമംഗലം: കോഴിക്കോട് എൻ.ഐ.ടിയിൽ പുതുതായി നിർമാണം പൂർത്തിയായ ബോയ്സ് മെഗാ ഹോസ്റ്റൽ (രണ്ട്) ഉദ്ഘാടനം വെള്ളിയാഴ്ച കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സഞ്ജയ് ധോത്രേ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ആൺകുട്ടികൾക്കായുള്ള രണ്ടാമത്തെ മെഗാ ഹോസ്റ്റലാണിത്. നിലവിൽ ആൺകുട്ടികൾക്കായി 11 ഹോസ്റ്റലുകളും പെൺകുട്ടികൾക്ക് മൂന്ന് ഹോസ്റ്റലുകളും ഉണ്ട്.
60 വർഷം പൂർത്തിയാക്കി ഈ വർഷം വജ്ര ജൂബിലി ആഘോഷിക്കുന്ന എൻ.ഐ.ടിയിൽ നിലവിൽ 6600 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. നാളെ ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെ ബോയ്സ് മെഗാ ഹോസ്റ്റൽ ഒമ്പതു നിലകളിലായി 64,505 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടസമുച്ചയമാണ്. രാജ്യത്തെ ഏറ്റവും വലിയ ഹോസ്റ്റലുകളിൽ ഒന്നാണിത്.
165.24 കോടി രൂപ ചെലവിട്ട് കേന്ദ്ര പി.ഡബ്ല്യു.ഡിയാണ് പ്രവൃത്തി നടത്തിയത്. ആകെ 15 വിങ്ങുകളുള്ള കെട്ടിട സമുച്ചയത്തിൽ അഞ്ചുമുതൽ ഒമ്പതു വരെയുള്ള 14 വിങ്ങുകളിൽ 3.4x3 മീറ്റർ വീതമുള്ള 1500 താമസമുറികളുണ്ട്. 14 ചർച്ചാ മുറികൾ, 14 ടി.വി റൂമുകൾ, 14 വായന മുറികൾ, 18 സ്റ്റോർ റൂമുകൾ, രണ്ടു വാർഡൻ റൂമുകൾ, 28 റസിഡൻറ് ട്യൂട്ടർ റൂമുകൾ, രോഗശുശ്രൂഷ മുറികൾ എന്നിവയുമുണ്ട്.
എട്ടു ലിഫ്റ്റുകളും അഗ്നിരക്ഷാ പടികളും ഒരുലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കോടുകൂടിയ അഗ്നിശമന സംവിധാനവും മിന്നൽ പ്രതിരോധ സംവിധാനവും ഉൾപ്പെടുന്നു. ഓരോ വിങ്ങിലെയും ടെറസിൽ 2.54 ലക്ഷം ലിറ്റർ ശേഷിയുള്ള പ്രത്യേക ശുദ്ധജല ടാങ്കുകളും ഫ്ലഷിങ് വാട്ടർ ടാങ്കുകളും ഉണ്ട്. നാലു ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂഗർഭ ജലസംഭരണിയുമുണ്ട്.
ഡൈനിങ് ബ്ലോക്ക് എന്നറിയപ്പെടുന്ന പതിനഞ്ചാമത്തെ വിങ് രണ്ടു നിലകളായിട്ടാണ് നിർമിച്ചിരിക്കുന്നത്. ഓരോ നിലക്കും 5771 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. പ്രത്യേക വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ പാചകപ്പുരകൾ തുടങ്ങിയവ ഉള്ള ഡൈനിങ് ഹാളിൽ 1500 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. നീരാവിയിൽ പ്രവർത്തിക്കുന്ന ആധുനിക പാചക ഉപകരണങ്ങളും പാചക ഗ്യാസ് സ്റ്റേഷനുകളും സോളാർ വാട്ടർ ഹീറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.
പ്രതിദിനം 4.75 ലക്ഷം ലിറ്റർ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാൻറും തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യുന്നതിന് രണ്ടു ഡീസൽ ജനറേറ്ററുകളുമുള്ള സബ്സ്റ്റേഷനും പദ്ധതിയിൽ ഉൾപ്പെടുന്നു. തുടക്കത്തിൽ ധനസഹായം നൽകിയത് അന്നത്തെ എച്ച്.ആർ.ഡി മന്ത്രാലയവും (ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രാലയം) പിന്നീട് ഉന്നത വിദ്യാഭ്യാസ ഫണ്ടിങ് ഏജൻസിയും (ഹെഫ) ആയിരുന്നു.
ഹെഫയുടെ കീഴിൽ ഒരു പുതിയ അക്കാദമിക് ബ്ലോക്ക്, പെൺകുട്ടികൾക്കുള്ള മറ്റൊരു മെഗാ ഹോസ്റ്റൽ എന്നീ പദ്ധതികൾ പുരോഗമിക്കുന്നുണ്ടെന്ന് ഡയറക്ടറുടെ ചുമതലയുള്ള ഡോ. പി.എസ്. സതീദേവിയും ഡീൻ (പ്ലാനിങ് ആൻഡ് െഡവലപ്മെൻറ്) ചുമതലയുള്ള ഡോ. ജീവമ്മ ജേക്കബും അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ എം.കെ. രാഘവൻ എം.പി, ബോർഡ് ഓഫ് ഗവേണേഴ്സ് ചെയർമാൻ ഗജ്ജാല യോഗാനന്ദ്, ഡയറക്ടർ ഇൻചാർജ് ഡോ. പി.എസ്. സതീദേവി, രജിസ്ട്രാർ ലഫ്. കേണൽ (റിട്ട.) കെ. പങ്കജാക്ഷൻ, പി.ടി.എ റഹീം എം.എൽ.എ, മുൻ ഡയറക്ടർ ഡോ. ശിവാജി ചക്രവർത്തി, ചീഫ് വാർഡൻ ഡോ. എ. സാന്തിയാഗു എന്നിവർ സംസാരിക്കും.

